'രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാർ ജോലിയിൽ നിന്ന് വിലക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല'; രാജസ്ഥാൻ സർക്കാറിന്‍റെ നിലപാട് ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാർ ജോലിയിൽ നിന്ന് വിലക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി. പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് അപേക്ഷിക്കാനാവില്ലെന്ന രാജസ്ഥാൻ സർക്കാറിന്‍റെ നയത്തിനെതിരെ സമർപ്പിച്ച ഹരജിയാണ് തള്ളിയത്.

1989ലെ രാജസ്ഥാൻ പൊലീസ് സബോർഡിനേറ്റ് സർവിസ് നിയമത്തിലാണ് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ പൊലീസിൽ നിയമിക്കരുതെന്ന വകുപ്പുള്ളത്. ഇത് വിവേചനപരമല്ലെന്നും ഭരണഘടനാവിരുദ്ധമല്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

മുന്‍ സൈനികനായ രാംജി ലാല്‍ ജത്താണ് രാജസ്ഥാന്‍ നയത്തെ ചോദ്യം ചെയ്തു സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. 2017-ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച രാംജി രാജസ്ഥാന്‍ പൊലീസില്‍ കോണ്‍സ്റ്റബിളായി ജോലി ലഭിക്കാന്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടിലധികം കുട്ടികളുണ്ടെന്ന കാരണത്താല്‍ രാംജിയുടെ അപേക്ഷ രാജസ്ഥാന്‍ പൊലീസ് നിരസിച്ചു.

രാംജി ഹൈകോടതിയിൽ ഹരജി നൽകിയെങ്കിലും തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയിലെത്തിയത്. നിയമം സർക്കാർ നയത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്നും അതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സമാനമായ നിയമങ്ങള്‍ നേരത്തെയും അംഗീകരിച്ചിരുന്നതായി കോടതി പറഞ്ഞു. 

Tags:    
News Summary - Supreme Court Approves Rajasthan Government's Two-Child Rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.