സെന്തിൽ ബാലാജി

കള്ളപ്പണം വെളുപ്പിക്കൽ കേസ്; തമിഴ്‌നാട് മുൻമന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യം

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മുൻ മന്ത്രിയും ഡി.എം.കെ നേതാവുമായ വി. സെന്തിൽ ബാലാജിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.

മുതിർന്ന അഭിഭാഷകരായ മുകുൾ റോത്ഗി, സിദ്ധാർഥ് ലൂത്ര എന്നിവരാണ് ബാലാജിക്ക് വേണ്ടി ഹാജരായത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, പ്രത്യേക അഭിഭാഷകൻ സോഹെബ് ഹൊസൈൻ എന്നിവർ ഇ.ഡിക്ക് വേണ്ടി ഹാജരായി.

ഇത്തരത്തിലുള്ള ഒരു കേസിൽ ജാമ്യം അനുവദിച്ചാൽ അത് തെറ്റായ സൂചന നൽകുമെന്നും പൊതുതാൽപ്പര്യത്തിന് വിരുദ്ധമാകുമെന്നും സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈകോടതി പറഞ്ഞിരുന്നു. ഫെബ്രുവരി 28ന് മദ്രാസ് ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ബാലാജി ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.

2011-15 കാലയളവിൽ ജയലളിത സർക്കാറിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനത്തിന് കോഴ വാങ്ങിയെന്നാണ് കേസ്. കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞവർഷം ജൂൺ 14നാണ് ബാലാജി അറസ്റ്റിലായത്. നിരവധി തവണ ജാമ്യഹരജികൾ നൽകിയെങ്കിലും കോടതികൾ തള്ളുകയായിരുന്നു. അതിന് പിന്നാലെ ഫെബ്രുവരി 13ന് സെന്തിൽ ബാലാജി സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു.

Tags:    
News Summary - Supreme Court grants bail to former TN minister V Senthil Balaji in money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.