ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഞ്ചാബിൽ കർഷകർ തടഞ്ഞതിലെ സുരക്ഷാവീഴ്ച വിരമിച്ച സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷിക്കും. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇതിനകം തുടങ്ങിയ അന്വേഷണം നിർത്തിവെക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി ഉത്തരവ് മറികടന്ന് പഞ്ചാബ് സർക്കാറിന് കാരണംകാണിക്കൽ നോട്ടീസ് അയച്ചതിന് കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി ആഞ്ഞടിച്ചശേഷമാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. ചണ്ഡീഗഢ് ഡി.ജി.പിയും എൻ.ഐ.എ ഐ.ജിയും പഞ്ചാബ് ഹരിയാന ഹൈകോടതി രജിസ്ട്രാർ ജനറലും ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർ ജനറലും സുപ്രീംകോടതി നിയോഗിക്കുന്ന സമിതി അംഗങ്ങളായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് രമണ വ്യക്തമാക്കി. 'ഞങ്ങൾ (സുപ്രീംകോടതി) ഉത്തരവിട്ട ശേഷം 24 മണിക്കൂറിനകം മറുപടി നൽകാൻ നിങ്ങൾ (കേന്ദ്രം) ആവശ്യപ്പെട്ടിരിക്കുന്നു' എന്ന് ജസ്റ്റിസ് ഹിമ കൊഹ്ലി ക്ഷോഭത്തോടെ പറഞ്ഞു. ഇത് നിങ്ങളിൽനിന്ന് പ്രതീക്ഷിച്ചതല്ല എന്നും ജഡ്ജി കൂട്ടിച്ചേർത്തു. 'പറഞ്ഞതിന് പൂർണമായും വിരുദ്ധമാണ് നിങ്ങൾ അയച്ച കാരണം കാണിക്കൽ നോട്ടീസ്' എന്ന് ജസ്റ്റിസ് സൂര്യകാന്ത് വിമർശിച്ചു. 'ഒരു കമ്മിറ്റിയുണ്ടാക്കിയത് സുരക്ഷാവീഴ്ച അന്വേഷിക്കാനാണെന്ന് കേന്ദ്രം പറയുന്നു. തുടർന്ന് സുരക്ഷാ വീഴ്ചക്ക് ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും കുറ്റക്കാരനാണെന്നും പറയുന്നു'. ആരാണ് അവരെ കുറ്റക്കാരാക്കിയത്? -ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
കേന്ദ്രം ഇതിനകം തന്നെ നിങ്ങളുടെ മനസ്സിലുള്ളത് വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് സുപ്രീംകോടതിയിലേക്ക് വന്നതെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി വീണ്ടും ഇടപെട്ട് ചോദിച്ചു. കേന്ദ്രം പരാതിയുമായി വന്നിട്ടില്ലെന്നായിരുന്നു തുഷാർ മേത്തയുടെ മറുപടി. 'നിങ്ങൾ നിങ്ങളുടെ അന്വേഷണം നിർത്തിവെക്കാമെന്ന് പറഞ്ഞതല്ലേ' എന്ന് ജസ്റ്റിസ് കൊഹ്ലി തിരിച്ചടിച്ചു. പിന്നെന്തിനാണ് കോടതി ഇടപെടുന്നതെന്നും ജഡ്ജി ചോദിച്ചു.
സുപ്രീംകോടതിക്ക് ഇനി എന്താണ് നോക്കാനുള്ളത്? –ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: സുരക്ഷാവീഴ്ച സംബന്ധിച്ച മുഖ്യചോദ്യത്തിന് അവസാനമായെങ്കിൽ കോടതിക്ക് ഇനി എന്താണ് നോക്കാനുള്ളതെന്ന് കേന്ദ്രസർക്കാറിനോട് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നുണ്ടെങ്കിൽ പിന്നെ സുപ്രീംകോടതി എന്താണ് നോക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
പ്രധാനമന്ത്രിയുടെ സുരക്ഷ കേന്ദ്രസർക്കാറിന്റെ ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കുമെന്ന് എസ്.ജി പറഞ്ഞതും ചീഫ് ജസ്റ്റിസിന് രുചിച്ചില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ തങ്ങൾ പ്രാധാന്യം കുറച്ച് കാണുന്നില്ലെന്നും അത്തരമൊരു തോന്നലുണ്ടാക്കരുതെന്നും തുഷാർ മേത്തയെ ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. ആ തോന്നലില്ലെന്നായിരുന്നു എസ്.ജി അതിന് നൽകിയ മറുപടി. രണ്ട് ഘടകങ്ങൾ ഇതിലടങ്ങിയിട്ടുണ്ടെന്ന് ഹരജിക്കാരനായ മോദിസർക്കാറിന്റെ മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് വാദിച്ചു. എന്തുകൊണ്ടിത് സംഭവിച്ചു എന്നതാണ് ഒന്ന്. വീണ്ടും ഇത് ആവർത്തിക്കരുതെന്നാണ് മറ്റൊന്ന്. ഇവ തങ്ങൾ നോക്കുമെന്ന് ചീഫ് ജസ്റ്റിസ് അതിന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.