ന്യൂഡൽഹി: ബി.ബി.സി ഇന്ത്യയിൽ പ്രവർത്തിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ബി.ബി.സി ഇന്ത്യാ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു ഹരജിയിൽ ആരോപിച്ചത്. ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ബി.ബി.സിയുടെ ഡോക്യുമെന്ററി വരാനുണ്ടായ സാഹചര്യം പരിഗണിക്കണമെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പിങ്കി ആനന്ദ് ആവശ്യപ്പെട്ടു. യു.കെയിൽ ഇന്ത്യക്കാരൻ പ്രധാനമന്ത്രിയായിരിക്കുന്നു. കൂടാതെ ഇന്ത്യ സാമ്പത്തിക ശക്തിയായി വളരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ വിരുദ്ധ വികാരം വളർത്താനാണ് ബി.ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയതെന്ന് ഹരജിക്കാരൻ വാദിച്ചു.
ഈ വാദത്തിൽ അത്ഭുതം പ്രകടിപ്പിച്ച ജസ്റ്റിസ് ഖന്ന എങ്ങനെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ചോദിച്ചു. പൂർണമായി നിരോധിക്കാനാണോ നിങ്ങൾ ആവശ്യപ്പെടുന്നത്? എന്താണ് ഇത്? ഈ ഹരജി പൂർണമായും തെറ്റിദ്ധാരണയുളവാക്കുന്നതാണ്. ഹരജി തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.
ജനുവരി 21 ന് ഐ.ടി ആക്ടിലെ അടിയന്തര വ്യവസ്ഥകൾ ഉപയോഗിച്ച് കേന്ദ്രം ബി.ബി.സിയുടെ വിവാദമായ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ന്റെ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. യൂട്യൂബ് വിഡിയോകൾ തടസപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.