ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെയുള്ള തന്റെ ഹരജിയിൽ വിധി പറയാൻ ഹൈകോടതിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി തീർപ്പാക്കി. ഫെബ്രുവരി 29ന് വാദം പൂർത്തിയായിട്ടും ഹൈകോടതി വിധി പറയാൻ വൈകിയതിൽ പ്രതിഷേധിച്ചാണ് സോറൻ ഇപ്പോഴത്തെ ഹർജി സമർപ്പിച്ചത്
മെയ് മൂന്നിന് ഹൈകോടതി വിധി പ്രസ്താവിച്ചതോടെ ഹരജി നിഷ്ഫലമായെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അടുത്തയാഴ്ച പരിഗണിക്കുന്ന രണ്ടാമത്തെ ഹരജിയിൽ എല്ലാ തർക്കങ്ങളും ഉന്നയിക്കാൻ സോറന് സ്വാതന്ത്ര്യമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.
ഹരജിയെ നിഷ്ഫലമായി കണക്കാക്കരുതെന്ന് സോറന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബെഞ്ചിനോട് അഭ്യർഥിച്ചു. പുതിയ ഹരജിയിൽ ഇ.ഡി പ്രതികരണത്തിന് കൂടുതൽ സമയം തേടുമെന്നും ഇത് കൂടുതൽ കാലതാമസമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വാദങ്ങളും പുതിയ ഹരജിയിൽ പരിഗണിക്കാമെന്ന് ബെഞ്ച് അറിയിച്ചു.
അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നതായും ഇതുമായി സോറന് ബന്ധമുണ്ടെന്നുമാണ് ഇ.ഡി ആരോപണം. കേസിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരടക്കം 14 പേർ അറസ്റ്റിലായിരുന്നു. ജനുവരി 20ന് റാഞ്ചിയിലെ ഔദ്യോഗിക വസതിയിൽ സോറനെ ഏഴുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.