ന്യൂഡൽഹി: ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദിന് അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം ജൂലൈ 19വരെ നീട്ടി സുപ്രീംകോടതി. ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെ ടീസ്റ്റ നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, എ.എസ്. ബൊപണ്ണ, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഗുജറാത്ത് സർക്കാറിന് നോട്ടീസ് അയച്ചു. കേസ് സംബന്ധിച്ച് കക്ഷികൾക്ക് സമർപ്പിക്കാനുള്ള രേഖകൾ ഈ മാസം 15നകം നൽകണം. രേഖകളുടെ തർജമ പൂർത്തീകരിക്കേണ്ടതിനാൽ കൂടുതൽ സമയം വേണമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു അഭ്യർഥിച്ചു. തുടർന്നാണ് വാദം 19ലേക്ക് മാറ്റിയത്. വിഷയം അടിയന്തരമായി കേൾക്കണമെന്നാണ് ടീസ്റ്റക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അഭ്യർഥിച്ചത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ടീസ്റ്റ സെറ്റൽവാദ് ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈകോടതി വിധി ജൂലൈ ഒന്നിനാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഗുജറാത്ത് ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ അതേ ദിവസം വൈകീട്ട് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് രാത്രി ചേർന്ന രണ്ടാമത്തെ ബെഞ്ചാണ് ഒരാഴ്ചത്തെ സ്റ്റേ അനുവദിച്ചത്. അന്ന്, അറസ്റ്റിൽ നിന്ന് ഒരാഴ്ചത്തെ സംരക്ഷണം നൽകാൻ തയാറാകാതിരുന്ന ഗുജറാത്ത് ഹൈകോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഒരാഴ്ചത്തേക്ക് ജാമ്യം നൽകിയാൽ ആകാശം ഇടിഞ്ഞുവീഴുമോ എന്ന് ബെഞ്ച് ചോദിക്കുകയുണ്ടായി.
ഗുജറാത്ത് കലാപത്തിൽ നിരപരാധികളെ പ്രതികളാക്കാൻ കൃത്രിമ തെളിവുണ്ടാക്കിയെന്നാരോപിച്ചാണ് കഴിഞ്ഞ വർഷം ജൂൺ 25ന് ടീസ്റ്റ സെറ്റൽവാദ്, ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി. ശ്രീകുമാർ, മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ട് എന്നിവരെ ഗുജറാത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കുറ്റവിമുക്തനാക്കണമെന്ന ശ്രീകുമാറിന്റെ അപേക്ഷ കഴിഞ്ഞ മാസം വിചാരണക്കോടതി തള്ളിയിരുന്നു. പിന്നീട് ഗുജറാത്ത് ഹൈകോടതി ഇടക്കാല ജാമ്യമനുവദിച്ചു. മൂന്നാം പ്രതി സഞ്ജീവ് ഭട്ട് ജാമ്യത്തിന് അപേക്ഷിച്ചിട്ടില്ല. അറസ്റ്റിലാകുമ്പോൾ സഞ്ജീവ് ഭട്ട് മറ്റൊരു കേസിൽ ജയിലിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.