സാം ഹിഗ്ഗിൻബോത്തം അഗ്രികൾച്ചർ, ടെക്‌നോളജി ആൻഡ് സയൻസസ് (SHUATS) സർവകലാശാല വി.സി രാജേന്ദ്ര ബിഹാരി ലാൽ

യു.പിയിൽ ക്രിസ്തുമതത്തിലേക്ക് മതംമാറ്റിയെന്നാരോപിച്ച് പ്രതിചേർക്ക​പ്പെട്ട സർവകലാശാല വി.സിക്കും ഡയറക്ടർക്കും മുൻകൂർ ജാമ്യം

ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്ക് കൂട്ട നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് യു.പിയിലെ സർവകലാശാല വൈസ് ചാൻസലർക്കും ഡയറക്ടർക്കും സുപ്രീം കോടതി വെള്ളിയാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചു. പ്രയാഗ്‌രാജിലെ സാം ഹിഗ്ഗിൻബോത്തം അഗ്രികൾച്ചർ, ടെക്‌നോളജി ആൻഡ് സയൻസസ് (SHUATS) സർവകലാശാല വി.സി രാജേന്ദ്ര ബിഹാരി ലാലിനും ഡയറക്ടർക്കുമാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യൂനിവേഴ്സിറ്റിയി​ലെ മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം അനുവദിച്ചു.

90 ഓളം ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ശ്രമത്തിന് വി.സി അടക്കമുള്ള യൂനിവേഴ്സിറ്റി അധികൃതർ കൂട്ടുനിന്നതായി ആരോപിച്ച് നിരവധി ഉദ്യോഗസ്ഥരെ പ്രതികളാക്കി 2022 ഏപ്രിലിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇതിനെതി​രെ വി.സി രാജേന്ദ്ര ബിഹാരി ലാൽ 2023ൽ അലഹബാദ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, 2023 ഫെബ്രുവരി 28ന് മുൻകൂർ ജാമ്യാപേക്ഷ തള്ളി. തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. 2023 മാർച്ച് മൂന്നിന് സുപ്രീം കോടതി വി.സിയുടെ അറസ്റ്റ് സ്റ്റേ ചെയ്യുകയും സംസ്ഥാന സർക്കാറിന്റെ പ്രതികരണം തേടുകയും ചെയ്തു.

നേരത്തെ അലഹബാദ് അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി എന്നറിയപ്പെട്ടിരുന്ന പ്രയാഗ് രാജിലെ സാം ഹിഗ്ഗിൻബോത്തം സർവകലാശാല, ഉത്തർപ്രദേശിലെ പ്രമുഖ സർവകലാശാലകളിലൊന്നാണ്. യൂനിവേഴ്സിറ്റി അധികൃതരുടെ പിന്തുണയോടെ ക്രിസ്തുമത പുരോഹിതൻ നിർബന്ധിത മതപരിവർത്തനത്തിനായി 90 ഓളം പേരെ ഫത്തേപൂർ ജില്ലയിലെ ഹരിഹർഗഞ്ചിലെ ഇവാഞ്ചലിക്കൽ ചർച്ചിന് സമീപം സംഘടിപ്പിച്ചതായാണ് പരാതി. 34 ദിവസമായി തുടരുന്ന മതപരിവർത്തന ക്ലാസ് 40 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ജീവനക്കാരുടെ സഹകരണത്തോടെ മിഷൻ ആശുപത്രിയിൽ നിന്ന് രോഗികളെ മതപരിവർത്തനം നടത്തുകയാണെന്നും ചോദ്യം ചെയ്യലിൽ പാസ്റ്റർ വെളിപ്പെടുത്തിയതായി യു.പി പൊലീസ് പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അജ്ഞാതരായ 20 പേർ അടക്കം 55 പേരെ പ്രതികളാക്കി യു.പി പൊലീസ് കേസെടുത്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ, 506, 420, 467, 468, ഉത്തർപ്രദേശ് മതപരിവർത്തന നിരോധന നിയമം 5(1) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആറിൽ തന്റെപേര് പറയുന്നില്ലെങ്കിലും ഇതുമായി ബന്ധപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) അംഗങ്ങൾ തന്നെ തുടർച്ചയായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് കാണിച്ചാണ് വൈസ്ചാൻസിലർ കോടതിയെ സമീപിച്ചത്.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് എട്ട് മാസത്തിന് ശേഷം 2022 ഡിസംബർ 26ന് സെക്ഷൻ 41(1) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് വി.സിക്ക് നോട്ടീസ് ലഭിച്ചു. പിന്നാലെ, സർവകലാശാലയിൽ റെയ്ഡ് നടത്തുകയും വിസിയുടെയും യൂനിവേഴ്സിറ്റിയുടെയും സത്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിൽ മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകളും ചർച്ചകളും നടക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സെഷൻസ് കോടതിയിലും അലഹബാദ് ഹൈകോടതിയിലും വി.സി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. രണ്ടും തള്ളിയതോടെ സുപ്രീം കോടതി മുമ്പാകെ അപ്പീൽ നൽകുകയായിരുന്നു.

അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രസാദാണ് ഉത്തർപ്രദേശിന് വേണ്ടി ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി മുതിർന്ന അഭിഭാഷകരായ സി.യു സിങ്, സിദ്ധാർത്ഥ ദവെ, ഡൽഹി ഹൈകോടതി റിട്ട. ജഡ്ജി മുക്ത ഗുപ്ത എന്നിവർ ഹാജരായി.

Tags:    
News Summary - Supreme Court grants anticipatory bail to SHUATS Vice-Chancellor, Director and others in religious conversion case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.