സുപ്രീം കോടതി

കേന്ദ്ര സർക്കാറിന് തിരിച്ചടി; ഖനികൾക്കും ധാതുക്കളുള്ള ഭൂമിക്കും നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഖനികൾക്കും ധാതുക്കളുള്ള ഭൂമിക്കും നികുതി ചുമത്താൻ ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് നിയമനിർമാണ അധികാരമുണ്ടെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഖനികൾക്കും ധാതുക്കൾക്കും സംസ്ഥാനങ്ങൾക്ക് 1957ലെ നിയമപ്രകാരം നൽകിയ റോയൽറ്റിക്ക് മുകളിൽ നികുതി പിരിക്കാനാകുമോ എന്നാണ് കോടതി പ്രധാനമായും പരിശോധിച്ചത്. ധാതുക്കൾക്ക് നൽകേണ്ട റോയൽറ്റിക്ക് നികുതി ബാധകമല്ലെന്ന കേന്ദ്ര സർക്കാർ നിലപാടിന് കനത്ത തിരിച്ചടിയാണ് വിധി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഏഴ് ജഡ്ജിമാരും അടക്കം എട്ടു പേർ ഭൂരിപക്ഷ വിധിയും ജസ്റ്റിസ് ബി.വി. നാഗരത്‌ന വിയോജിച്ച വിധിയും പുറപ്പെടുവിച്ചു. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എ.എസ് ഓക്ക, ജെ.ബി. പർദിവാല, മനോജ് മിശ്ര, ഉജ്വൽ ഭുയാൻ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരാണ് ഭൂരിപക്ഷ വിധിയിൽ ഒപ്പിട്ടത്.

വേർതിരിച്ചെടുക്കുന്ന ധാതുവിന് നൽകേണ്ട റോയൽറ്റി നികുതിയല്ല. ഭരണഘടനയുടെ പട്ടിക രണ്ടിലെ എൻട്രി 50 പ്രകാരം ധാതുക്കളുടെ റോയൽറ്റിക്ക് നികുതി ചുമത്താൻ പാർലമെന്‍റിന് അധികാരമില്ല. റോയൽറ്റിയെ നികുതിയായി തരംതിരിച്ച 1989ലെ സുപ്രീംകോടതി വിധി തെറ്റാണെന്നും ചീഫ് ജസ്റ്റിസ് വിധിയിൽ ചൂണ്ടിക്കാട്ടി.

ഭൂരിപക്ഷ വിധിയോട് വിയോജിച്ച ജസ്റ്റിസ് ബി.വി. നാഗരത്‌ന, രാജ്യത്തെ ധാതുക്കളുടെ അവകാശങ്ങൾക്ക് നികുതി ചുമത്താനുള്ള പ്രത്യേക അവകാശം കേന്ദ്ര സർക്കാറിനുണ്ടെന്ന് വിധിയിൽ ചൂണ്ടിക്കാട്ടി. ഖനനം നടത്തുന്നവർ നൽകുന്ന റോയൽറ്റിയിൽ അധിക ലെവി ചുമത്താൻ സംസ്ഥാനങ്ങൾക്ക് നൽകുന്ന തുല്യ അധികാരം സംസ്ഥാന സർക്കാരുകളുടെ നിയമനിർമാണത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന അസാധാരണ സാഹചര്യത്തിലേക്ക് നയിക്കുമെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന വ്യക്തമാക്കി.

Tags:    
News Summary - Supreme Court nine-judge bench upholds right of states to impose taxes on mines, mineral-bearing lands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.