അടല്‍സേതുവില്‍ കാര്‍ നിര്‍ത്തി കടലില്‍ ചാടി യുവ എൻജിനീയർ -വിഡിയോ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍സേതുവില്‍നിന്ന് യുവ എൻജിനീയർ കടലിലേക്ക് ചാടി. മുംബൈ ദോംബിവിലി സ്വദേശി ശ്രീനിവാസ് (38) ആണ് ബുധനാഴ്ച ഉച്ചയോടെ പാലത്തില്‍നിന്ന് ചാടിയത്. സംഭവം ആത്മഹത്യാശ്രമമാണെന്ന് പോലീസ് പറഞ്ഞു. യുവാവിനായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനത്തിൽനിന്ന് പുറത്തിറങ്ങി പാലത്തിന്റെ കൈവരിയില്‍ കയറി കടലിലേക്ക് ചാടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ശ്രീനിവാസ് വീട്ടില്‍നിന്ന് കാറുമായി പുറത്തേക്ക് പോയത്. അടല്‍സേതുവില്‍ എത്തുന്നതിന് മുന്‍പ് ഭാര്യയെയും നാലുവയസ്സുള്ള മകളെയും ഇയാള്‍ ഫോണില്‍വിളിച്ചിരുന്നതായി പോലീസ് പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ കരുതുന്നു. കഴിഞ്ഞ വർഷം കുവൈത്തില്‍ ജോലിചെയ്യുന്നതിനിടെ അണുനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ് നവി മുംബൈ പൊലീസും കോസ്റ്റല്‍ പൊലീസും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും ശ്രീനിവാസിനായി തെരച്ചില്‍ തുടരുകയാണ്. അടൽ സേതുവിൽനിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ഇക്കഴിഞ്ഞ മാർച്ച് 20ന് സമാന രീതിയിൽ വനിതാ ഡോക്ടറും പാലത്തിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Tags:    
News Summary - Engineer jumps off Mumbai's Atal Setu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.