അർജുനെ കണ്ടെത്താനുള്ള ദൗത്യം അനിശ്ചിതത്വത്തിൽ; ഗംഗാവാലിയിൽ കനത്ത കുത്തൊഴുക്ക്; പുഴയിലിറങ്ങി പരിശോധന നടന്നില്ല

ഷിരൂർ: ഉത്തര കന്നഡയിലെ ഷിരൂർ അംഗോല ദേശീയപാത 66ൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ (30) കണ്ടെത്താനുള്ള ദൗത്യം അനിശ്ചിതത്വത്തിൽ. ഗംഗാവാലിയിൽ കനത്ത കുത്തൊഴുക്കുള്ളതിനാൽ പുഴയിലിറങ്ങി ആഴത്തിലുള്ള പരിശോധന നടന്നില്ല. പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നത് വെല്ലുവിളിയാണെന്ന് നാവികസേന പറഞ്ഞു.

കാലാവസ്ഥ പ്രതികൂലമായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന താൽക്കാലികമായി നിർത്തിവെച്ചു. തിരച്ചിൽ അവസാനിപ്പിച്ച് നാവികസേന ബോട്ടുകൾ കരക്കുകയറ്റി. ഇതോടെ രക്ഷാപ്രവർത്തനം പത്താം ദിവസവും പ്രതിസന്ധിയിലായി. ദൗത്യസംഘം അൽപസമയത്തിനകം മാധ്യമങ്ങളെ കാണുന്നുണ്ട്. ഇതിനിടെ ഗംഗാവലി പുഴയുടെ സമീപത്തെ വീടുകളിൽനിന്ന് അർജുൻ ഓടിച്ചിരുന്ന ലോറിയിൽ ഉണ്ടായിരുന്ന മരത്തടികൾ കണ്ടെത്തി. മണ്ണിടിച്ചിലുണ്ടായതിനു പിന്നാലെ പുഴയിലൂടെ ഒഴുകി വന്ന മരത്തടികൾ ഇവർ ശേഖരിക്കുകയായിരുന്നു.

അഞ്ച് മുതൽ ആറ് നോട്ട്സ് വരെ വേഗത്തിൽ നദിയിൽ അടിയൊഴുക്ക് ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. രണ്ടുതവണ നദിയിലിറങ്ങിയ സംഘം തിരിച്ചുകയറുകയായിരുന്നു. ഭാരം കെട്ടിയിറക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഡൈവ് ചെയ്യാൻ സാധിക്കുന്ന സാഹചര്യമല്ല. നാവികസേനയുടേയും എൻ.ഡി.ആർ.എഫിന്റേയും ബോട്ടുകൾ പുഴയിലേക്ക് ഇറക്കാനാകാതെ കരയിൽ തന്നെ തുടരുകയാണ്.

നദിയിലെ അടിയൊഴുക്ക് ശക്തമാകുന്നതാണ് തിരച്ചിലിനെ പ്രതിസന്ധിയിലാക്കുന്നത്. അർജുന്‍റെ ലോറി നദിയിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. കരയിൽ നിന്ന് 40 മീറ്റർ അകലെ നദിയിൽ 15 മീറ്റർ താഴ്ചയിലാണ് അർജുന്‍റെ ലോറിയുള്ളതായി ഇന്നലെ കണ്ടെത്തിയത്. നദിയിൽ രൂപപ്പെട്ട മൺകൂനക്കടിയിലാണ് ലോറിയുള്ളത്. എത്രത്തോളം മണ്ണ് നദിയിൽ ലോറിക്ക് മുകളിലുണ്ടെന്ന കാര്യത്തിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവൻ മാറ്റിയാൽ മാത്രമേ ലോറി പുറത്തെടുക്കാൻ കഴിയുകയുള്ളു.

ലോറിക്കുള്ളിൽ ആരെങ്കിലുമുണ്ടോ എന്ന കാര്യമാണ് ആദ്യം പരിശോധിക്കുക. ഉണ്ടെങ്കിൽ പുറത്തെടുത്ത ശേഷമാകും ലോറി ഉയർത്തുക. ലോറി ഉയർത്താനായി പുഴയിൽ പ്രത്യേക പ്ലാറ്റ്‌ഫോം സ്ഥാപിക്കാനാണ് തീരുമാനം.

Tags:    
News Summary - The mission to find Arjun is uncertain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.