വോട്ടെടുപ്പ് നടക്കുന്ന ത്രിപുരയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിലെ ബൂത്തുകളിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കാൻ സുപ്രീംകോടതിയുടെ നിർദേശം. വോട്ടെടുപ്പ് പുരോഗമിക്കുന്ന ത്രിപുരയിൽ കഴിയുന്നത്ര വേഗത്തിൽ സേനയെ എത്തിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക അക്രമത്തിന് സാധ്യതയുണ്ടെന്ന് പ്രതിപക്ഷമായ സി.പി.എമ്മും തൃണമൂൽ കോൺഗ്രസും ആരോപിച്ചിരുന്നു.

ത്രിപുരയില്‍ സുരക്ഷാ പ്രശ്നങ്ങളില്ലെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സി.പി.എം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

13 മുന്‍സിപ്പാലിറ്റികളിലേക്കുള്ള 222 സീറ്റിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ നടക്കുന്ന ആക്രമണം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന തൃണമൂൽ കോണ്‍ഗ്രസ് ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. അക്രമം തടയാൻ സുരക്ഷാ മുന്നൊരുക്കങ്ങൾ പര്യാപ്തമല്ലെന്ന് സി.പി.എമ്മും തൃണമൂലും ആരോപിക്കുന്നു.

2018ൽ ത്രിപുരയിൽ ബി.ജെ.പി അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണിത്. ഇതിൽ മേൽക്കൈ നേടേണ്ടത് ബി.ജെ.പിക്ക് അനിവാര്യമാണ്. നവംബർ 28നാണ് ഫലപ്രഖ്യാപനം. 

Tags:    
News Summary - Supreme Court orders deployment of additional Central forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.