ന്യൂഡൽഹി: ലാവ്‍ലിൻ കേസിലെ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് മാറ്റിവെച്ചത്. കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിൻറ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീച്ചത്.
അതേസമയം, കേസിൽ കക്ഷി ചേരാൻ മറ്റുള്ളവരെ അനുവദിക്കുന്നതിനെ പിണറായി വിജയൻ എതിർത്തു. ക്രൈം നന്ദകുമാർ ഉൾപ്പടെയുള്ളവർ കേസിൽ കക്ഷി ചേരുന്നതിനെയാണ് എതിർത്തത്. പിണറായി വിജയൻ അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നും ഇതിന് കൃത്യമായ തെളിവുണ്ടെന്നും സി.ബി.ഐ ആരോപിക്കുന്നു. കുറ്റപത്രത്തിൽ നിന്ന് പിണറായി ഉൾപ്പടെയുള്ള പ്രതികളെ ഹൈകോടതി ഒഴിവാക്കിയത് വസ്തുതകൾ പരിശോധിക്കാതെയാണെന്നും വിധി റദ്ദാക്കണമെന്നും സി.ബി.ഐ ആവശ്യപ്പെടുന്നു.
പ്രതിപ്പട്ടികയിലുള്ള എല്ലാവരേയും വിചാരണ ചെയ്യണമെന്നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ ആവശ്യപ്പെടുന്നത്. തങ്ങളെ കുറ്റവിമുക്‌തരാക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ശിവദാസ്, കസ്തൂരിരംഗ അയ്യർ, കെ.ജി. രാജശേഖരൻ എന്നീ കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരും ഹരജി സമർപ്പിച്ചിട്ടുണ്ട്. ഇവർ വിചാരണ നേരിടണമെന്ന് ഹൈകോടതി വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.