ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ട് ആരോപണങ്ങളിൽ വ്യവസായി ഗൗതം അദാനിക്കെതിരെ പ്രത്യേക അന്വേഷണ സംഘമില്ല. അദാനിക്കെതിരായ ഹിൻഡൻബർഗ് ആരോപണങ്ങൾ കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി തള്ളി. അദാനിക്കെതിരായ സെബി അന്വേഷണം തുടരും.
അദാനിക്കെതിരെ സെബി അന്വേഷണത്തിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. സെബിയുടെ നിയന്ത്രണചട്ടക്കൂടിലേക്ക് പ്രവേശിക്കാനുള്ള കോടതിയുടെ അധികാരം പരിമിതമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ നിർണായക വിധി പറഞ്ഞത്. ജെ.പി. പാർദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
അദാനിക്കെതിരെ ഉയർന്ന 22 ആരോപണങ്ങളിൽ 20 എണ്ണത്തിലും സെബി അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടെണ്ണത്തിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കും. നിലവിൽ സെബിയുടെ അന്വേഷണത്തെ സംശയിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ഹാജരാക്കാൻ ഹരജിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സെബിക്ക് അന്വേഷണത്തിൽ ഉപയോഗപ്പെടുത്താനാകും. എന്നാൽ, അത് സെബിയുടെ അന്വേഷണം പരാജയപ്പെട്ടതിന്റെ തെളിവായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണത്തിലും അവിശ്വാസം അറിയിച്ച് അഭിഭാഷകരായ വിശാൽ തിവാരി, എം.എൽ. ശർമ്മ, കോൺഗ്രസ് നേതാവ് ജയ താക്കൂർ, അനാമിക ജയ്സ്വാൾ എന്നിവർ നൽകിയ ഹരജികളാണ് കോടതി വാദം കേട്ടത്. കഴിഞ്ഞ നവംബർ 24ന് ഹരജികൾ വിധി പറയാൻ മാറ്റിയിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത്. അദാനി ഗ്രൂപ്പ് ഓഹരി വിലകൾ പെരുപ്പിച്ച് കാണിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.