പാട്ന: സംവരണം 50ൽ നിന്ന് 65 ശതമാനമായി ഉയർത്തിയ ബിഹാർ സർക്കാറിന്‍റെ തീരുമാനം റദ്ദാക്കിയ ഹൈകോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദലിതർക്കും പിന്നാക്ക വിഭാഗക്കാർക്കും ഗോത്രവിഭാഗങ്ങൾക്കുമുള്ള സംവരണം നിതീഷ് കുമാർ സർക്കാർ 65 ശതമാനമായി ഉയർത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ മാസം ഹൈകോടതി ഈ തീരുമാനം സ്റ്റേ ചെയ്തു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹൈകോടതി തീരുമാനത്തിന് ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം നിരാകരിച്ച കോടതി, ഹരജിയിൽ വിശദമായ വാദം കേൾക്കാമെന്ന് വ്യക്തമാക്കി. ഹരജിയിൽ സെപ്റ്റംബറിൽ വാദം കേൾക്കും.
ജൂൺ 20നാണ് സംവരണ പരിധി 65 ശതമാനമായി ഉയർത്താനുള്ള തീരുമാനം ഹൈകോടതി റദ്ദാക്കിയത്. സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം കോടതി വിധിക്കു വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി ഉത്തരവ്.
ജാതി സെന്‍സസിന്‍റെ അടിസ്ഥാനത്തിലാണ്, ദലിത്, പിന്നാക്ക വിഭാഗ, ഗോത്ര സംവരണം ഉയര്‍ത്താന്‍ ബിഹാർ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് 2023 നവംബറില്‍ നിയമം കൊണ്ടുവരികയായിരുന്നു. സർവേ പ്രകാരം സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 63 ശതമാനത്തോളം പേർ ഒ.ബി.സി വിഭാഗത്തിൽ പെട്ടവരാണ്. 19.65 ശതമാനം എസ്.സി വിഭാഗവും 1.68 ശതമാനം എസ്.ടി വിഭാഗവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.