ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഹരജിക്കാരൻ എന്തുകൊണ്ട് ഹൈകോടതിയെ സമീപിച്ചില്ലെന്ന് സുപ്രീംകോടതി ചോദിച്ചു. പിന്നാലെ ഹരജി തള്ളുകയായിരുന്നു. നിലവിൽ സുപ്രീംകോടതിയുടെ രണ്ട് ബെഞ്ചുകൾ ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ പരിഗണിക്കുന്നതിനിടയിലാണ് മൂന്നാമതൊരു ബെഞ്ചിൽ മറ്റൊരു കേസ് കൂടി എത്തിയത്.

മലയാള സിനിമ മേഖലയിലെ ലൈംഗിക പീഡന പരാതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും കാണിച്ച് അഭിഭാഷകനായ അജീഷ് കളത്തില്‍ ഗോപിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, സി.ബി.ഐ, ദേശീയ വനിത കമീഷന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ എതിര്‍ കക്ഷികളാക്കിയായിരുന്നു ഹരജി.

സിനിമാരംഗത്തുനിന്ന് ലൈംഗിക പരാതികളുയർന്നപ്പോൾ ചട്ടവിരുദ്ധമായി ഹേമ കമ്മിറ്റിയെ നിയമിച്ചതും ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം അഞ്ച് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നതും ഒടുവിൽ അന്വേഷണത്തിന് തയാറായപ്പോൾ വ്യക്തിപരമായ പരാതികളിലാണ് നടപടിയെന്ന് വ്യക്തമാക്കിയതും അട്ടിമറി നീക്കമാണെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു.

നേരത്തെ, ജസ്റ്റിസ് ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയ നടിമാരുടെ പരാതികളിൽ കേസെടുക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നൽകിയ കേരള ഹൈകോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഹൈകോടതി വിധിക്കെതിരെ സിനിമ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹരജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി സ്റ്റേ ആവശ്യത്തിലും വാദം കേൾക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹരജി മൂന്നാഴ്ചക്കുശേഷം പരിഗണിക്കും.

Tags:    
News Summary - Supreme Court rejected the plea seeking a CBI inquiry into the Hema Committee report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.