ന്യൂഡൽഹി: സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന ശിക്ഷ നിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധിക്കുപിന്നിൽ നടന്നത് നിരവധി നിയമ പോരാട്ടങ്ങൾ. തുടക്കത്തിലേ ഭരണഘടന വിരുദ്ധമെന്ന് വിലയിരുത്തപ്പെട്ട വിഷയം സന്നദ്ധ സംഘടനയായ ‘നാസ് ഫൗണ്ടേഷൻ’ 2001ൽ ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയോടെയാണ് ചൂടുപിടിക്കുന്നത്. 377ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി വാദംകേട്ടശേഷം 2004ൽ കോടതി തള്ളിയെങ്കിലും സംഘടന പുനഃപരിശോധന ഹരജിയുമായി മുന്നോട്ടുപോയി.
എന്നാൽ, 2004 നവംബർ മൂന്നിന് ആ ഹരജിയും തള്ളി. ഡിസംബറിൽ സ്വവർഗാനുരാഗത്തെ പിന്തുണക്കുന്ന ചിലർ ഹൈകോടതി നടപടിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് 2006 ഏപ്രിൽ മൂന്നിന് കേസ് വീണ്ടും ഹൈകോടതിയുടെ പരിഗണനക്ക് വിട്ടു, കേസ് ഗൗരവമായി പരിഗണിക്കണമെന്ന നിർദേശത്തോടെ ഒക്ടോബർ നാലിന് മുതിർന്ന ബി.ജെ.പി നേതാവ് ബി.പി. സിംഗാൾ കേസിൽ കക്ഷിചേർന്നു.
കേസിൽ കോടതി കേന്ദ്ര സർക്കാറിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെെട്ടങ്കിലും 2008 സെപ്റ്റംബർ 18ന് സർക്കാർ അതിനായി കൂടുതൽ സമയം ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ, സെപ്റ്റംബർ 25ന് തന്നെ ഇൗ ആവശ്യം തള്ളിയ കോടതി കേസിലെ അന്തിമ വിചാരണ തുടരാൻ നടപടി തുടങ്ങി. തൊട്ടടുത്ത ദിവസം, സദാചാരത്തിെൻറ പേരിൽ സ്വവർഗരതിയിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ചില ആക്ടിവിസ്റ്റുകൾ കോടതിയെ സമീപിച്ചതോടെ 26ന് തന്നെ കേന്ദ്ര സർക്കാർ നിലപാടുമായി രംഗത്തുവന്നു. സ്വവർഗാനുരാഗം സദാചാരവിരുദ്ധമാണെന്നും ലൈംഗിക വൈകൃതമാണെന്നും ഇത് നിയമവിധേയമാക്കിയാൽ സമൂഹത്തിൽ അരാചകത്വം വർധിക്കുമെന്നുമായിരുന്നു കേന്ദ്ര നിലപാട്.
തുടർന്ന് 2009 ജൂലൈ രണ്ടിന് സ്വവർഗാനുരാഗം നിയമവിധേയമാക്കിക്കൊണ്ട് ഹൈകോടതി വിധിപറഞ്ഞു. ഇൗ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാറും നിരവധി സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചു. 2013 ഡിസംബർ 11ന് സുപ്രീംകോടതി ഹൈകോടതിയുടെ വിധി റദ്ദാക്കി. എന്നാൽ, റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളി. ഫെബ്രുവരി അഞ്ചിന് കേസ് സുപ്രീകോടതിയുടെ അഞ്ചംഗ ബെഞ്ചിന് കൈമാറി.
2016ൽ പ്രമുഖ നർത്തകൻ എൻ.എസ്. ജൗഹർ, പാചക വിദഗ്ധൻ ഋതു ഡാൽമിയ, ഹോട്ടൽ വ്യവസായി അമൻ നാഥ് തുടങ്ങിയവർ വകുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുകയും 2017ൽ സ്വകാര്യത ഭരണഘടനാവകാശമായി സുപ്രീംകോടതി വിധി പറയുകയും ചെയ്തതോടെ 377ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തിന് ശക്തിയേറി. 2018 ജനുവരി എട്ടിന് 2013ലെ വിധി പുനഃപരിേശാധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. 2018 ജനുവരി 10ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് കേസിെൻറ വിചാരണ ആരംഭിച്ചു. തുടർന്ന് തീരുമാനം കോടതിക്കുവിട്ട് കേന്ദ്രം നിലപാടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.