ന്യൂഡൽഹി: മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ തെറ്റായ പ്രവണതകളിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് സുപ്രീംകോടതി. മെഡിക്കൽ വിദ്യാഭ്യാസ രംഗവും മെഡിക്കൽ പ്രഫഷനും ബിസിനസായി മാറിയെന്ന് പരിതപിച്ച കോടതി, നീറ്റ് പരീക്ഷയിൽ കൊണ്ടുവന്ന മാറ്റങ്ങളും ആ വഴിക്കായത് രാജ്യത്തിെൻറ ദുരന്തമാണെന്നും രോഷത്തോടെ കൂട്ടിച്ചേർത്തു.
2021 നീറ്റ് സൂപ്പർ സ്പെഷാലിറ്റി പരീക്ഷയുടെ സിലബസ് ശരിയാക്കാൻ കേന്ദ്രത്തിന് ഒരവസരം കൂടി തരികയാണെന്നും കോടതി പറഞ്ഞു. നവംബർ 13, 14 തീയതികളിൽ നടക്കേണ്ട നീറ്റ് പരീക്ഷയുടെ സിലബസിൽ ജൂലൈ 23ന് ഇറക്കിയ ഉത്തരവിലൂടെ മാറ്റം വരുത്തിയതിനെതിരെ 41 പി.ജി ഡോക്ടർമാരും മറ്റുള്ളവരും നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ജൂലൈയിൽ പരീക്ഷ േനാട്ടിഫിക്കേഷൻ പുറത്തിറക്കിയ ശേഷം അവസാന നിമിഷം വരുത്തിയ മാറ്റങ്ങളെപ്പറ്റി കേന്ദ്രം നൽകിയ വിശദീകരണത്തിൽ അതൃപ്തി അറിയിച്ച കോടതി, ഇൗ രീതിയിലാണ് നമ്മുടെ വിദ്യാഭ്യാസരംഗം വികൃതമാക്കുന്നതെന്നും കൂട്ടിച്ചേർത്തു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, വിക്രം നാഥ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് രണ്ട് മണിക്കൂർ വാദം കേട്ടശേഷമാണ് കേന്ദ്രത്തിന് ബുധനാഴ്ച വരെ സമയം നൽകാമെന്നും അതിനിടെ പരിഹാരം നിർദേശിക്കണമെന്നും ആവശ്യപ്പെട്ടത്.
'കേസിൽ പകുതി വാദമേ കേട്ടിട്ടുള്ളൂ. ഇത് മാറ്റിവെക്കാൻ കോടതിക്ക് താൽപര്യമില്ല. അതിനാണ് ഒരു ദിവസം കൂടി സമയം അനുവദിക്കുന്നത്'-കോടതി പറഞ്ഞു. അവസാന നിമിഷം സിലബസിൽ മാറ്റം വരുത്തിയത് സ്വകാര്യ മെഡിക്കൽ കോളജുകളിലെ സീറ്റ് നിറക്കാനാണെന്ന തോന്നൽ കോടതിക്ക് ഉണ്ടാകേണ്ടതില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞപ്പോഴായിരുന്നു മെഡിക്കൽ പ്രഫഷനിലെ നിലവാരത്തകർച്ചയെപ്പറ്റി കോടതി കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
സ്വകാര്യ മേഖലയിലെ നിക്ഷേപത്തേക്കാൾ വിദ്യാർഥികളുടെ താൽപര്യത്തിനാണ് പ്രാധാന്യം നൽകേണ്ടത്. അവരാണ് നാളെ ആതുരശുശ്രൂഷ രംഗത്തെ മാതൃകയാകേണ്ടവർ. ഭാവിയെ മുന്നിൽ കണ്ടല്ല നിങ്ങൾ വരുത്തുന്ന മാറ്റങ്ങൾ. ആകെക്കൂടി ചെയ്യുന്നത് ഉള്ള അധികാരം ഉപയോഗിച്ചുള്ള ചില കാര്യങ്ങൾ മാത്രം-കോടതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.