ലഖിംപുർ കേസിൽ സാക്ഷികളെ സംരക്ഷിച്ചത് കാണൂ എന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ലഖിംപുർ ഖേഡിയിൽ കർഷക സമരക്കാരെ വാഹനം കയറ്റികൊന്ന കേസിൽ സാക്ഷികളെ സംരക്ഷിച്ചിരിക്കുന്നത് കാണൂ എന്ന് ഉത്തർപ്രദേശ് സർക്കാറിനോട് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച്. കേസിലെ മുഖ്യസാക്ഷിയെ ആക്രമിച്ച സാഹചര്യത്തിൽ മുഖ്യപ്രതിയായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹോളി അവധി കഴിഞ്ഞാലുടൻ പരിഗണിക്കുമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

യു.പി സർക്കാറിനുവേണ്ടി ഹാജരായ അഡ്വ. രുചിര ഗോയലിനോട് 'മാഡം, എന്താണിത്?' എന്ന് ബെഞ്ച് ചോദിച്ചു. ഒരു സാക്ഷി ആക്രമിക്കപ്പെട്ടിരുക്കുന്നെന്നാണ് ഹരജിക്കാർ പറയുന്നത്. ഇതിനു വിശദമായ മറുപടി സത്യവാങ്മൂലം യു.പി സർക്കാർ ഫയൽ ചെയ്യണം. മാർച്ച് 24ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കൊഹ്ലി എന്നിവർ കൂടി അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണും ഹരജിക്കാർക്കുവേണ്ടി ഹാജരായി. വിചാരണക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ഹൈകോടതി മുഖ്യപ്രതിക്ക് ജാമ്യം അനുവദിച്ചത് തെറ്റാണെന്ന് ദവെ വാദിച്ചു. 'ബി.ജെ.പി തെരഞ്ഞെടുപ്പ് ജയിച്ചു; നി‍െൻറ കാര്യം നോക്കിക്കോളാം' എന്ന് പറഞ്ഞാണ് കേസിലെ സാക്ഷിയെ ആക്രമിച്ചതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചിരുന്നു. പ്രധാന പ്രതിക്ക് ജാമ്യം നൽകിയത് കാണിച്ച് മറ്റൊരു പ്രതിയും ജാമ്യത്തിനായി അലഹബാദ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ഒക്ടോബർ 13ന് ലഖിംപുർ ഖേഡിയിൽ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധവുമായി വന്ന കർഷകർക്ക് മേൽ ആശിഷ് മിശ്ര എസ്.യു.വി കയറ്റുകയായിരുന്നു. നാല് കർഷകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ നാലുപേർ കൂടി കൊല്ലപ്പെട്ടു.

Tags:    
News Summary - Supreme Court says witnesses protected in Lakhimpur case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.