ന്യൂഡൽഹി: രാമക്ഷേത്ര ട്രസ്റ്റ് അയോധ്യയിൽ ഭൂമി വാങ്ങിയതിൽ അഴിമതി ആരോപിച്ച് കോൺഗ്രസ്. വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ഭക്തരിൽനിന്ന് സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് വലിയ അഴിമതിയാണ് ട്രസ്റ്റ് നടത്തിയതെന്നും ഇതിെൻറ പിന്നിലുള്ളവർക്ക് സംരക്ഷണം നൽകുന്നുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
യു.പിയിലെ അയോധ്യയിൽ 18.5 കോടി രൂപയുടെ വിലയ്ക്ക് 12,080 ചതുരശ്ര മീറ്റർ സ്ഥലം 'ശ്രീരാമ ജന്മഭൂമി തീർഥ് േക്ഷത്ര ട്രസ്റ്റ്' വാങ്ങിയതായി കോൺഗ്രസ് ജനറൽ സെക്രട്ടറിയും വക്താവുമായ രൺദീപ് സുർജേവാല വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മാർച്ച് 18ന് ക്ഷേത്ര ട്രസ്റ്റ് 18.5 കോടി രൂപക്കാണ് സ്ഥലം വാങ്ങിയത്. എന്നാൽ, അതേദിവസം ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് സ്ഥലമുടമ കുസും ഫതക് രണ്ട് കോടി രൂപക്ക് രവി തിവാരി, സുൽത്താൻ അൻസാരി എന്നിവർക്ക് ഇൗ സ്ഥലം വിറ്റത്. ഇവർ ക്ഷേത്ര ട്രസ്റ്റിന് മറിച്ചുവിൽക്കുകയായിരുന്നു. 18.5 കോടി രൂപയുടെ ഭൂമി ഇടപാടിൽ ട്രസ്റ്റ് അംഗങ്ങളായ ബി.ജെ.പി നേതാവ് അനിൽ മിശ്രയും അയോധ്യ മുൻ മേയർ ഋഷികേശ് ഉപാധ്യായയും ആണ് ഒപ്പുവെച്ചതെന്ന് കരാർ ഉദ്ധരിച്ച് സുർജേവാല അവകാശപ്പെട്ടു.
കോടിക്കണക്കിന് ആളുകൾ വിശ്വാസത്തിെൻറ പ്രതീകമായി കണക്കാക്കുന്ന ശ്രീരാമന് ക്ഷേത്രം പണിയുന്നതിന് കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിന് സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ട്രസ്റ്റ് രൂപവത്കരിച്ചത്. ഭക്തരിൽനിന്ന് സ്വരൂപിച്ച ഫണ്ടുകളിലെ വൻ അഴിമതി വലിയ പാപത്തിന് തുല്യമാണെന്നും സുർജേവാല പറഞ്ഞു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ട്രസ്റ്റ് രൂപവത്കരിച്ച പ്രധാനമന്ത്രി മോദി തീർത്തും നിശ്ശബ്ദനാണെന്നും സുർജേവാല കുറ്റപ്പെടുത്തി. രാമഭക്തരുടെ വിശ്വാസം കച്ചവടംചെയ്ത പാപികൾക്ക് തെൻറ സംരക്ഷണം ഉണ്ടോ എന്നകാര്യത്തിൽ പ്രധാനമന്ത്രി ഉത്തരം നൽകുമോ എന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.