ന്യൂഡൽഹി: കാർഷിക മാലിന്യങ്ങൾ വ്യാപകമായി കത്തിക്കുന്നതിൽ പഞ്ചാബ്, ഡൽഹി സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി. തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമാകുന്നതിന് ഇത് ഗണ്യമായ പങ്കുവഹിക്കുന്നുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിസാൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡൽഹിയിലെ വായു ഗുണനിലവാരം (എയർ ക്വാളിറ്റി ഇൻഡക്‌സ്-എ.ക്യു.ഐ) രൂക്ഷമായി തുടരുന്നതിനെതിരെ അടിയന്തര നടപടി വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ആറ് വർഷത്തിനിടയിൽ മലിനീകരണ തോത് ഏറ്റവും കൂടുതൽ നവംബറിലാണെന്നും കോടതി വ്യക്തമാക്കി. പ്രശ്‌നം വർഷങ്ങളായി തുടരുന്നതാണ്. അത് നിയന്ത്രിക്കേണ്ടത് നിങ്ങളുടെ ജോലിയാണ്. കോടതി പഞ്ചാബ്, ഉത്തർപ്രദേശ് ഡൽഹി സംസ്ഥാന സർക്കാരുകളോടും വ്യക്തമാക്കി.
പഞ്ചാബിലെ കർഷകരോട് സഹാനുഭൂതിയുണ്ടെന്നും കോടതി പറഞ്ഞു. വൈക്കോൽ കത്തിക്കാന്‍ അവർക്ക് എന്തെങ്കിലും കാരണമുണ്ടായിരിക്കണം. ഹരിയാനയെ അനുകരിച്ച് പഞ്ചാബ് സർക്കാർ കർഷകർക്ക് സാമ്പത്തിക പ്രോത്സാഹനം നൽകി അവരെ വൈക്കോൽ കത്തിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. പാവപ്പെട്ട കർഷകർക്കും അവരുടെ കാർഷിക യന്ത്രങ്ങൾക്കും സംസ്ഥാനം ഫണ്ട് നൽകണം. ഇത് സംസ്ഥാനത്തിന്റെ കടമയാണ്. വൈക്കോൽ കത്തിക്കുന്ന കർഷകർക്ക് എം.എ.സ്പി (മിനിമം താങ്ങുവില) ആനുകൂല്യം നൽകരുത്.
മിനിമം താങ്ങുവില ഒരു പ്രശ്‌നമാണെങ്കിലും നിയമലംഘനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്നും ജസ്റ്റിസ് ധൂലിയ ചൂണ്ടിക്കാട്ടി. കൃഷിയിടങ്ങൾ കത്തിക്കുന്ന കർഷകർക്ക് നെല്ല് ലഭ്യമാക്കരുതെന്നും ബെഞ്ച് നിർദ്ദേശിച്ചു. ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് (ആർ.ആർ.ടി.എസ്) ഡൽഹി സർക്കാർ പണം നൽകുന്നതിൽ കാലതാമസം വരുത്തിയതിനെത്തുടർന്ന് എ.എ.പിയുടെ പരസ്യ ബജറ്റിൽ നിന്ന് ആർ.ആർ.ടി.എസ് പദ്ധതിയിലേക്ക് 415 കോടി രൂപയുടെ ഫണ്ട് സംസ്ഥാനത്തിന് വീണ്ടും അനുവദിക്കാൻ കോടതി ഉത്തരവിട്ടു. ഉത്തരവ് പാലിക്കാൻ ഡൽഹി സർക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഓരോ ശീതകാലത്തും താഴ്ന്ന അവസ്ഥയിലാണ്. കൃഷിയിടങ്ങളിലെ തീപിടിത്തങ്ങൾ, ദീപാവലി പടക്കങ്ങൾ, വാഹനങ്ങളിലെ പുക ഇതൊക്കെ മലീനികരണത്തിന് കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.