ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പരിഗണിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി അനുവദിച്ച ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ നരേന്ദ്ര മോദി സർക്കാറിന്റെ നടപടിക്കെതിരെ അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുവർഷം മുമ്പ് സമർപ്പിച്ച ഹരജികൾ പരിഗണിക്കാമെന്ന് സുപ്രീംകോടതി.ഹരജികളുടെ കാര്യം അഭിഭാഷകർ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം.

2019 ഡിസംബറിൽ മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന് വിട്ട് നാലാമത്തെ ചീഫ് ജസ്റ്റിസ് ചുമതലയേറ്റശേഷമാണ് ഇപ്പോൾ കേൾക്കാൻ തീരുമാനിക്കുന്നത്. 2019 ആഗസ്റ്റിലാണ് പ്രക്ഷുബ്ധമായ പാർലമെന്റിൽ അത്യന്തം നാടകീയമായി ബി.എസ്.പി അടക്കമുള്ള ഏതാനും പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബിൽ അവതരിപ്പിച്ച് പാസാക്കിയത്. ഇതിനെതിരെ സുപ്രീംകോടതിയിലെത്തിയ ജമ്മു-കശ്മീരിൽനിന്നുള്ള പാർട്ടികൾ അടക്കമുള്ളവർ സ്റ്റേ ആവശ്യപ്പെട്ടുവെങ്കിലും സുപ്രീംകോടതി നൽകിയിരുന്നില്ല.

തുടർന്ന് നാലുമാസം കഴിഞ്ഞ് ജസ്റ്റിസുമാരായ എൻ.വി. രമണ, സഞ്ജയ് കിഷൻ കൗൾ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ച് മുമ്പാകെ ഹരജികൾ പരിഗണനക്ക് വന്നിരുന്നു. സമാനമായ കേസിൽ അഞ്ചംഗ ബെഞ്ചുകളുടെ വിരുദ്ധ വിധികളുള്ളതിനാൽ കേസ് ഏഴംഗ ബെഞ്ചിന് വിടേണ്ടതുണ്ടോ എന്ന കാര്യം പരിശോധിച്ച ബെഞ്ച് 2020 മാർച്ച് രണ്ടിന് അത് വേണ്ടതില്ലെന്ന് വ്യക്തമാക്കി.

പിന്നീടിതുവരെ ഹരജികൾ കേൾക്കാനായി പട്ടികയിൽപെടുത്തിയില്ല.മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് ദസറ കഴിഞ്ഞ് ജമ്മു-കശ്മീർ കേസ് പരിഗണിക്കാമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ചീഫ് ജസ്റ്റിസ് രമണയെപ്പോലെ അദ്ദേഹവും പരിഗണിക്കാതെ പടിയിറങ്ങി.

Tags:    
News Summary - Supreme Court to consider cancellation of special status of Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.