എ.എ.പിക്ക് തിരിച്ചടിയായി സുപ്രീംകോടതി വിധി; മുനിസിപ്പൽ കോർപറേഷനിൽ നാമനിർദേശം ചെയ്യുന്നവരെ ലഫ്. ഗവർണർക്ക് തീരുമാനിക്കാം

ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണറുമായുള്ള തര്‍ക്കത്തില്‍ എ.എ.പിക്ക് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി. ഡൽഹി സർക്കാരിന്‍റെ സഹായവും ഉപദേശവും കൂടാതെ ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ (എം.സി.ഡി) ലെഫ്റ്റനന്‍റ് ഗവർണർക്ക് ആൽഡർമെൻമാരെ (നഗരാധികാരി) നാമനിർദേശം ചെയ്യാമെന്ന് സുപ്രീം കോടതി വിധിച്ചു. മന്ത്രിസഭയുടെ സഹായവും ഉപദേശവും കൂടാതെ 10 അംഗങ്ങളെ എം.സി.ഡിയിലേക്ക് ലഫ്റ്റനൻ്റ് ഗവർണർ നാമനിർദേശം ചെയ്ത വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്ന ഡൽഹി സർക്കാരിൻ്റെ ഹരജിയിലാണ് സുപ്രീം കോടതി വിധിപറഞ്ഞത്. 

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സക്സേനയുടെ നിയമനങ്ങളെ ചോദ്യംചെയ്ത് ആം ആദ്മി സര്‍ക്കാര്‍ നല്‍കിയ ഹരജിയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പൗരസമിതിയിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള ലെഫ്റ്റനൻ്റ് ഗവർണറുടെ അധികാരം നിയമപരമായ അധികാരമാണെന്നും എക്സിക്യൂട്ടീവ് അധികാരമല്ലെന്നും ബെഞ്ച് പറഞ്ഞു. 

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ സെക്ഷൻ 3(3)(ബി) പ്രകാരം 25 വയസിൽ കുറയാത്ത, മുനിസിപ്പൽ ഭരണത്തിൽ പ്രത്യേക അറിവോ പരിചയമോ ഉള്ള 10 പേരെ ലെഫ്റ്റനൻ്റ് ഗവർണർക്ക് നാമനിർദേശം ചെയ്യാമെന്ന് ജസ്റ്റിസ് നരസിംഹ പറഞ്ഞു. എം.സി.ഡിയിലേക്ക് ആൽഡർമെൻമാരെ നാമനിർദേശം ചെയ്യാനുള്ള അധികാരം ലെഫ്റ്റനൻ്റ് ഗവർണർക്ക് നൽകുന്നത് തെരഞ്ഞെടുക്കപ്പെട്ട പൗരസമിതിയെ അസ്ഥിരപ്പെടുത്തുമെന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

എം.സി.ഡിയിൽ തെരഞ്ഞെടുക്കപ്പെട്ട 250 അംഗങ്ങളും നോമിനേറ്റ് ചെയ്യപ്പെടുന്ന 10 അംഗങ്ങളുമുണ്ട്. ഡല്‍ഹി സര്‍ക്കാരിന്റെ ഉപദേശം സ്വീകരിക്കാതെയായിരുന്നു ഈ നിയമനം. 2022 ഡിസംബറിലെ തെരഞ്ഞെടുപ്പിൽ 134 വാർഡുകളിൽ ആംആദ്മി പാർട്ടി (എ.എ.പി) ജയിച്ചിരുന്നു. 15 വർഷംനീണ്ട ബി.ജെ.പിയുടെ ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു ഈ വിജയം.

Tags:    
News Summary - Supreme Court verdict is a blow to AAP; Lt. Nominees in the Municipal Corporation.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.