ന്യൂഡൽഹി: 12 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതിനെതിരായ പ്രതിഷേധത്തിൽ തിങ്കളാഴ്ച പ്രതിപക്ഷം വീണ്ടും സ്തംഭിപ്പിച്ചതോടെ രണ്ടാമത്തെ ആഴ്ചയും രാജ്യസഭക്ക് മുടക്കത്തോടെ തുടക്കം. നിരുപാധികം സസ്െപൻഷൻ പിൻവലിക്കണമെന്ന് പ്രതിപക്ഷവും സസ്പെൻഷനിലായവർ മാപ്പു പറയണമെന്ന് രാജ്യസഭ ചെയർമാനും നിലപാട് ആവർത്തിച്ചതിനാലാണ് സഭാസ്തംഭനം ആവർത്തിച്ചത്. ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണയിരിക്കുന്ന പ്രതിപക്ഷ എം.പിമാർ തിങ്കളാഴ്ച പാർലമെൻറിലെ അംബേദ്കർ പ്രതിമക്ക് മുന്നിലുമെത്തി.
രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ സസ്പെൻഷനിലായ 12 എം.പിമാർക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ഗാന്ധിപ്രതിമക്ക് മുന്നിലെത്തി.
രാവിലെ രണ്ടുതവണയും ഉച്ചക്കുശേഷം രണ്ടുതവണയും സഭ നിർത്തിവെക്കേണ്ടിവന്നു. രാജ്യസഭയിൽ നാഗാലാൻഡ് വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന മാത്രമാണ് പ്രധാനമായും നടന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് മറ്റ് അജണ്ടകളിലേക്ക് കടക്കാൻ കഴിഞ്ഞില്ല.
രാവിലെ 11ന് സഭ ചേർന്നപ്പോൾ 12 എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യത്തോടൊപ്പം നാഗാലാൻഡിൽ ഗ്രാമീണരെ സൈന്യം വെടിവെച്ചു കൊന്ന വിഷയവും പ്രതിപക്ഷം ഉന്നയിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ വന്ന് പ്രസ്താവന നടത്തണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു.
സസ്പെൻഡ് ചെയ്ത എം.പിമാരെ തിരിച്ചെടുക്കണമെന്ന് രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് കക്ഷി നേതാവ് ഡെറിക് ഒബ്റേൻ ആവശ്യെപ്പട്ടു. അദ്ദേഹം നടുത്തളത്തിലേക്കിറങ്ങി എം.പിമാരുടെ പ്രതിഷേധത്തിന് ആക്കം കൂട്ടി.ഇതോടെ സഭ നിർത്തിവെച്ചു. വൈകീട്ട് അമിത് ഷായുടെ പ്രസ്താവനക്കായി സമ്മേളിച്ച് അതു നടത്തിയ ശേഷം ചൊവ്വാഴ്ചത്തേക്ക് പിരിയുകയാണെന്നറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.