ബംഗളൂരു: സംശയരോഗിയായ ഭർത്താവ് ഭാര്യയെ 12 വർഷം വീട്ടിൽനിന്ന് പുറത്തിറങ്ങാൻ സമ്മതിക്കാതെ പൂട്ടിയിട്ടു. വിവരം ലഭിച്ച പൊലീസ് എത്തി യുവതിയെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തി.
യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൈസൂരു ഹിരെഗെ ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് പൊലീസ് എത്തി യുവതിയെ രക്ഷപ്പെടുത്തിയത്. സന്നാലയ്യ എന്നയാളാണ് തന്റെ ഭാര്യ സുമയെ മനുഷ്യത്വരഹിതമായ രീതിയിൽ വീട്ടിൽ ബന്ധനസ്ഥയാക്കിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഭാര്യയിൽ സംശയമുള്ള സന്നാലയ്യ കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കകം അവരെ വീട്ടിൽ പൂട്ടിയിട്ടു. ശുചിമുറി പുറത്തായിരുന്നെങ്കിലും അവിടേക്ക് പോകാൻ അനുവദിക്കാതെ വീട്ടിനകത്ത് റൂമിൽ ബക്കറ്റ് നൽകുകയായിരുന്നു.
വീട്ടിൽനിന്ന് പുറത്തിറങ്ങുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്താൽ മർദിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ പീഡനം സഹിക്കവയ്യാതെ സുമയുടെ മാതാവാണ് പൊലീസിൽ വിവരമറിയിച്ചത്.
ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്. കുട്ടികളോടുപോലും നന്നായി സംസാരിക്കാൻ ഭർത്താവ് അനുവദിച്ചിരുന്നില്ലെന്ന് സുമ പൊലീസിനോട് പറഞ്ഞു. കൂടാതെ കാരണമില്ലാതെ തന്നെ അടിക്കുമായിരുന്നെന്നും ഗ്രാമത്തിലെല്ലാവർക്കും സന്നാലയ്യയെ പേടിയായിരുന്നെന്നും അവർ പറഞ്ഞു.
കുട്ടികൾ കൂടെയുള്ളപ്പോൾ അവരോടൊപ്പം കഴിയാൻ സമ്മതിക്കില്ല. ഒരു ചെറിയ ജനാലയിലൂടെയാണ് അവർക്ക് ഭക്ഷണം നൽകിയിരുന്നതെന്നും അവർ പൊലീസിനോട് വെളിപ്പെടുത്തി.
കുട്ടികൾ പലപ്പോഴും അമ്മവീട്ടിൽ മുത്തശ്ശിക്കൊപ്പമാണ് കഴിയുന്നത്. സന്നാലയ്യ മുമ്പ് രണ്ട് വിവാഹം ചെയ്തിരുന്നെങ്കിലും ഇയാളുടെ പീഡനങ്ങൾ സഹിക്കാനാവാതെ ഇരുവരും വിട്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.