ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയുടെ വസതിക്കു മുന്നിൽ മാലിന്യം കലർന്ന വെള്ളം ഒഴിച്ച് എ.എ.പി എം.പി സ്വാതി മലിവാളിന്റെ പ്രതിഷേധം. സാഗർപൂരിലെയും ദ്വാരകയിലെയും കുടിവെള്ള പ്രശ്നത്തിലാണ് ശനിയാഴ്ച സ്വാതി പ്രതിഷേധിച്ചത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
മലിന വെള്ളം നിറച്ച കുപ്പിയുമായാണ് സ്വാതി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. 'സാഗര്‍പൂരിലേയും ദ്വാരകയിലേയും ആളുകള്‍ എന്നെ വിളിച്ചിരുന്നു. അവിടുത്തെ അവസ്ഥ വളരെ മോശമാണ്. ഞാന്‍ ഒരു വീട്ടില്‍ പോയി. അവിടെ കറുത്ത നിറത്തിലുള്ള വെള്ളമാണ് വിതരണം ചെയ്തിരുന്നത്. അവിടെനിന്നാണ് ഞാന്‍ കുപ്പിയില്‍ വെള്ളം കൊണ്ടുവന്നത്'-സ്വാതി പറഞ്ഞു.
അധികാരത്തിലെത്തിയതുമുതൽ എ.എ.പി ജനങ്ങൾക്ക് കുടിവെള്ളത്തിന്റെ കാര്യത്തിൽ വലിയ വാഗ്ദാനങ്ങളാണ് നൽകിയത്. എന്നാൽ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഡൽഹി ഈ വെള്ളം കുടിക്കുമോയെന്നും സ്വാതി ചോദിച്ചു.
'ദീപാവലി കഴിഞ്ഞു. ഗോവര്‍ധന്‍ പൂജയാണ് ഇന്ന്. ഈ അവസ്ഥയില്‍ ഡല്‍ഹിയില്‍ ആളുകള്‍ ഈ വെള്ളം എങ്ങനെ കുടിക്കും? എങ്ങനെ ജീവിക്കും? ജലമന്ത്രികൂടിയാണ് മുഖ്യമന്ത്രി. ദിവസവും പത്ത് പത്രസമ്മേളനങ്ങള്‍ നടത്തി രസിക്കുക മാത്രമാണോ അവരുടെ ജോലി? ഈ വെള്ളം കുടിക്കൂ, അതില്‍ കുളിക്കൂ, അല്ലെങ്കില്‍ പാപങ്ങള്‍ ശുദ്ധീകരിക്കൂ..'-സ്വാതി മലിവാൾ പറഞ്ഞു.
15ദിവസത്തിനുള്ള പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഒരു ടാങ്ക് നിറയെ വെള്ളവുമായി വരുമെന്ന് അതിഷിക്ക് മുന്നറിയിപ്പ് നൽകിയാണ് സ്വാതി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.