ചെന്നൈ: മിശ്രവിവാഹിതർക്ക് സംരക്ഷണമൊരുക്കുമെന്നും ദുരഭിമാന കൊലകൾ തടയാൻ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ച് തമിഴ്നാട്ടിൽ കോൺഗ്രസിന്‍റെ പ്രകടന പത്രിക. ചെന്നൈയിലെ പാർട്ടി ഓഫിസിൽ നടന്ന ചടങ്ങിൽ തമിഴ്നാട് കോൺഗ്രസ് പ്രസിഡന്‍റ് കെ.എസ്. അളഗിരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
സർക്കാർ ജോലികൾക്കായി എല്ലാ ജില്ലകളിലും 500 യുവാക്കൾക്ക് പരിശീലനം നൽകും, മദ്യശാലകൾ അടച്ചുപൂട്ടും, സ്റ്റാർട്ട് അപ്പുകൾക്ക് അഞ്ചുവർഷത്തേക്ക് നികുതി ഇളവ് അനുവദിക്കും, നീറ്റ് പരീക്ഷ ഇല്ലാതാക്കുന്നതിന് നടപടികൾ സ്വീകരിക്കും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.
'യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന് പുതിയ പദ്ധതികൾ കൊണ്ടുവരും. സ്റ്റാർട്ട്അപ്പുകൾക്ക് നികുതി ഇളവ് അനുവദിക്കുകയും ചെയ്യും' -പ്രകടന പത്രിക പുറത്തിറക്കി അളഗിരി പറഞ്ഞു.
കഴിഞ്ഞയാഴ്ച കോൺഗ്രസിന്‍റെ സഖ്യകക്ഷിയായ ഡി.എം.കെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. വിദ്യാർഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ ടാബ്ലറ്റുകൾ, സംസ്ഥാനത്തെ 75ശതമാനം തൊഴിലുകളും തമിഴ് ജനതക്ക് തുടങ്ങിയവയായിരുന്നു ഡി.എം.കെയും വാഗ്ദാനം. ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്.
ഇ.കെ. പളനിസ്വാമി നയിക്കുന്ന എ.ഐ.ഡി.എം.കെയും എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെയും തമ്മിലാണ് തമിഴ്നാട്ടിലെ പ്രധാനമത്സരം. നടൻ കമൽഹാസന്‍റെ മക്കൾ നീതി മയ്യവും ഇത്തവണ മത്സര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.