ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈക്ക് 'വൈ' കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. മാവോവാദികളുടെയും മതതീവ്രവാദികളുടെയും ഭീഷണി നേരിടുന്നതായ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സേനയായ സി.ആർ.പി.എഫിന്‍റെ പ്രത്യേക സുരക്ഷ ലഭ്യമാക്കുന്നത്.
ഫെബ്രുവരിയിൽ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിന് നേരെ മൂന്ന് പെട്രോൾ ബോംബുകളെറിഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കണമെന്നും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു. കർണാടക കേഡറിൽനിന്നുള്ള മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ സിവിൽ സർവിസ് ഉപേക്ഷിച്ച് 2020 ആഗസ്റ്റിൽ ബി.ജെ.പിയിൽ ചേർന്നു.
2021 ജൂലൈയിൽ ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷ സ്ഥാനമേറ്റെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ അണ്ണാമലൈയുടെ നേതൃത്വത്തിൽ പാർട്ടി ഒറ്റക്ക് മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചതായാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.