ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റി തുടക്കത്തിൽ തന്നെ ജനങ്ങളുടെ ഇഷ്ടവും വിശ്വാസവും സ്വന്തമാക്കിയിരിക്കുകയാണ് തമിഴ്നാട്ടിലെ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ. 'അങ്കിളേ.. അങ്കിളിനെ അന്ന് നേരിട്ട് കണ്ടതിൽ വലിയ സന്തോഷം. ഞങ്ങളുടെ വീട്ടിലേക്ക് കൂടി വന്നാൽ ഒരുപാട് സന്തോഷമാകും'-ഇതായിരുന്നു സ്റ്റാലിനോട് സംസാരിക്കുമ്പോൾ നരിക്കുറവർ സമുദായത്തിൽപ്പെട്ട ദിവ്യയെന്ന വിദ്യാർഥിനിയുടെ ആവശ്യം.
സ്വന്തം നാട്ടിലെ ജനങ്ങളുടെ ആവശ്യങ്ങളും ക്ഷേമവും പരിഗണിക്കുന്നതിൽ യാതൊരു ഉപേക്ഷയും കാണിക്കാത്ത സ്റ്റാലിൻ ദിവ്യക്കും വാക്കുകൊടുത്തു. എന്നാൽ ഒരു നിബന്ധനയുണ്ടായിരുന്നു. വീട്ടിലേക്ക് വന്നാൽ ഭക്ഷണം തരുമോ എന്നായിരുന്നു ദിവ്യയോട് സ്റ്റാലിന്റെ ചോദ്യം. ഒടുവിൽ ദിവ്യയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുന്ന സ്റ്റാലിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഭക്ഷണം കഴിച്ച് അവർക്കൊപ്പം കുറച്ച് സമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
അവാഡിക്കടുത്ത് പരുത്തിപ്പട്ട് എന്ന ഗ്രാമത്തിലാണ് ദിവ്യയുടെ വീട്. തന്റെ സമുദായം നേരിടുന്ന പ്രശ്നങ്ങൾ വിദ്യാർഥിനി മുമ്പ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഒരുകൂട്ടം പെൺകുട്ടികൾക്കൊപ്പമായിരുന്നു വിഡിയോ കോളിൽ അന്ന് ദിവ്യ സ്റ്റാലിനോട് സംവദിച്ചത്.
പൂക്കൾ നൽകിയാണ് ഗ്രാമത്തിലെത്തിയ സ്റ്റാലിനെ കുട്ടികൾ സ്വീകരിച്ചത്. ഇഡ്‍ലി, വട, ചട്നി, സാമ്പാർ, നാടൻ കോഴിക്കറി എന്നിവയാണ് സ്റ്റാലിനായി വീട്ടുകാർ ഒരുക്കിയത്. കഴിച്ചുകൊണ്ടിരിക്കെ തൊട്ടടുത്തുണ്ടായിരുന്ന പെൺകുട്ടിക്ക് സ്റ്റാലിൻ ഭക്ഷണം നൽകുന്നതും വിഡിയോയിൽ കാണാം.ഭക്ഷണം വളരെ രുചികരമാണെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടതോടെ ദിവ്യയുടെ കുടുംബാംഗങ്ങൾക്ക് സന്തോഷം അടക്കിപ്പിടിക്കാനായില്ല. സ്റ്റാലിന്റെ എളിമയെ പ്രകീർത്തിച്ച അവർ ഇത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.