ചെന്നൈ: അപ്രതീക്ഷിത മഴയിലും വെള്ളക്കെട്ടിലും വിറങ്ങലിച്ച തമിഴ്നാട്ടിൽ രക്ഷാ പ്രവർത്തന മേഖലയിൽ തമിഴ് മക്കൾക്ക് പുതു മാതൃക തീർത്തിരിക്കുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കഴിഞ്ഞ മൂന്ന് ദിവസമായി ദുരിത മേഖലയിൽ സജീവമാണ് അദ്ദേഹം. ആദ്യ ദിനം വെള്ളപ്പൊക്കമുണ്ടായ എല്ലാ മേഖലകളും സന്ദർശിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. കനത്ത മുഴയിലും റെയിൻകോട്ട് ധരിച്ച് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെത്തിയ സ്റ്റാലിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
സ്റ്റാലിന്‍റെ സന്ദർശനം പ്രതീക്ഷിച്ച് സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ഒക്കെ സജീവമായാണ് പ്രവർത്തിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമാണ്. മെഡിക്കൽ ക്യാമ്പുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും ദിവസവും മുഖ്യമന്ത്രി സന്ദർശിക്കുന്നുണ്ട്. മധുരവയൽ, വിരുഗമ്പാക്കം നിയോജക മണ്ഡലങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാനും അദ്ദേഹം എത്തി. തുടർന്നു ചെന്നൈ കൊളത്തൂരിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു ഭക്ഷണവും ദുരിതാശ്വാസ സഹായവും വിതരണം ചെയ്തു.
ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാനായി തയാറാക്കിയ ഭക്ഷണം സ്വയം കഴിച്ചുനോക്കി നല്ലതാണെന്ന് ഉറപ്പാക്കിയ ശേഷമാണു വിതരണത്തിന് അനുമതി നൽകിയത്.
മഴക്കാലം കഴിയുന്നതുവരെ ദുരിതബാധിതർക്ക് അമ്മ ഉണവകങ്ങളിൽ നിന്ന് സൗജന്യമായി ഭക്ഷണം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കോർപറേഷന്‍റെ നേതൃത്വത്തിൽ രാവിലെയും ഉച്ചക്കും വൈകുന്നേരങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമെത്തിച്ചു നൽകും.
പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ആഹാരം ലഭ്യമാക്കാനായി അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത ആവിഷ്കരിച്ച പദ്ധതിയായിരുന്നു അമ്മ ഉണവകങ്ങൾ. ഇഡ്ഡലി, പൊങ്കൽ, സാമ്പാർ സാദം, തൈര് സാദം, ലെമൺ റൈസ്, ചപ്പാത്തി തുടങ്ങിയവയാണ് അമ്മ ഉണവകങ്ങൾ വഴി വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.