ചെന്നൈ: ഗാന്ധിജയന്തി ദിനത്തിൽ ആർ.എസ്.എസിന്‍റെ റൂട്ട് മാർച്ചിന് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചു. സംസ്ഥാനത്തെ 51 കേന്ദ്രങ്ങളിൽ റൂട്ട് മാർച്ച് നടത്താൻ തീരുമാനിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ അനുമതി നിഷേധിച്ചത്. ആർ.എസ്.എസിന്‍റെ റൂട്ട് മാർച്ചിന് ഉപാധികളോടെ അനുമതി നൽകണമെന്ന് മദ്രാസ് ഹൈകോടതി സിംഗ്ൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ജി.കെ. ഇളന്തിരിയൻ ഉത്തരവിട്ടിരുന്നു.
അതേസമയം, വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ ഹൈകോടതിയിൽ പുനഃപരിശോധന ഹരജി സമർപ്പിച്ചു. റൂട്ട് മാർച്ചിന് അനുമതി നൽകിയ സിംഗ്ൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് പൊലീസും പ്രത്യേകമായി ഹരജി നൽകി.
ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹരജിയുമായി ആർ.എസ്.എസ് വ്യാഴാഴ്ച ഹൈകോടതിയെ സമീപിച്ചു. ഹരജി വെള്ളിയാഴ്ച പരിഗണിച്ചേക്കും. തിരുവള്ളൂർ പൊലീസാണ് റൂട്ട് മാർച്ചിന് ആദ്യം അനുമതി നിഷേധിച്ചത്. ഇതിന് പിന്നാലെ മറ്റു ജില്ലകളിലും പൊലീസ് അനുമതി നിഷേധിച്ചു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) കേന്ദ്ര സർക്കാർ നിരോധിച്ചതിനാൽ ബി.ജെ.പി-സംഘ്പരിവാർ കേന്ദ്രങ്ങളിൽ പെട്രോൾ ബോംബേറ് പോലുള്ള സംഭവങ്ങൾ വ്യാപകമായി അരങ്ങേറുന്നതായും അതിനാൽ സംസ്ഥാനത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയതായും ഈ സാഹചര്യത്തിൽ മാർച്ചിന് അനുമതി നൽകുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാവുമെന്നുമാണ് പൊലീസ് അറിയിച്ചത്.
ഗാന്ധിജയന്തി ദിനത്തിൽ ആർ.എസ്.എസ് റൂട്ട് മാർച്ച് നടത്തുന്നതിലെ വിരോധാഭാസം ഉയർത്തിക്കാണിച്ച് ദലിത് സംഘടനയായ തിരുമാവളവന്‍റെ വിടുതലൈ ശിറുതൈകൾ കക്ഷി (വി.സി.കെ) മതസൗഹാർദ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇടതുകക്ഷികളും സീമാന്‍റെ നാം തമിഴർ കക്ഷിയും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനും പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.