മുല്ലപ്പെരിയാർ അണക്കെട്ട് നിര്‍മിച്ച എന്‍ജിനീയറുടെ പ്രതിമ ഇംഗ്ലണ്ടിൽ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനീയറുടെ പ്രതിമ ഇംഗ്ലണ്ടിൽ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. എൻജിനീയർ കേണൽ ജോൺ പെന്നിക്യുക്കിന്റെ പ്രതിമയാണ് അദ്ദേഹത്തിന്റെ ജന്മനാടായ കാംബർലിയിൽ സ്ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട് കാംബർലിയിലെ തമിഴര്‍ സെന്റ് പീറ്റേഴ്സ് ചർച്ചിൽ നിന്ന് അനുമതി നേടിയിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ട്വിറ്ററിൽ അറിയിച്ചു.

പെന്നിക്യുക്കിന്റെ ജന്മദിനത്തിലാണ് തമിഴ്നാട് സർക്കാർ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്. പെന്നിക്യുക്ക് ആത്മവിശ്വാസത്തോടെയാണ് അണക്കെട്ട് നിർമ്മിച്ചതെന്നും തേനി, ഡിണ്ടിക്കൽ, മധുര, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിലെ കാർഷിക-കുടിവെള്ള പ്രശ്നങ്ങൾ ഇതോടെ പരിഹരിക്കപ്പെട്ടെന്നും സ്റ്റാലിൻ അനുസ്മരിച്ചു.

നൂറ്റാണ്ടുകൾ പഴക്കമുള്ള വരൾച്ച പരിഹരിക്കാൻ 1895ലാണ് മുല്ലപ്പെരിയാർ അണക്കെട്ട് ജോൺ പെന്നിക്യുക്കിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്നത്. അണക്കെട്ട് നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാർ പ്രോജക്ടിനാവശ്യമായ തുക നൽകാത്തതിനെ തുടർന്ന് പെന്നിക്യുക്ക് ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്തുക്കൾ വിൽക്കുകയും ഈ തുക അണക്കെട്ട് നിർമ്മാണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടിൽ ദൈവങ്ങളുടെ ചിത്രങ്ങൾ​ക്കൊപ്പം വെച്ച് ആരാധിക്കപ്പെടുന്നയാളാണ് പെന്നിക്യുക്ക്. തമിഴ്നാട്ടിൽ പലയിടത്തും അദ്ദേഹത്തിന്റെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ബ്രിഗേഡിയർ ജനറൽ പെന്നിക്യൂക്കിന്റെയും ഭാര്യ സാറയുടെയും മകനായി 1841ൽ മഹാരാഷ്‌ട്രയിലെ പൂനെയിലാണ് ജോൺ പെന്നിക്യുക്ക് ജനിച്ചത്. ഇംഗ്ലണ്ടിലെ ചെൽട്ടൻഹാം കോളജിൽ നിന്ന് വിദ്യാഭ്യാസം നേടി. അദ്ദേഹത്തിന്റെ പിതാവും മൂത്ത സഹോദരൻ അലക്‌സാണ്ടറും ചില്ലിയൻവാല യുദ്ധത്തിൽ പങ്കെടുത്തെന്നും 1849ലെ യുദ്ധത്തിൽ ഇരുവരും മരിച്ചെന്നും ചരിത്രകാരന്മാർ പറയുന്നു. സറേയിലെ അഡിസ്‌കോമ്പിലുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനി മിലിട്ടറി കോളേജിൽ അദ്ദേഹം 1857ൽ ചേർന്നു.

മദ്രാസ് എൻജിനീയർ ഗ്രൂപ്പിൽ ലെഫ്റ്റനന്റായി 1858ൽ പെന്നിക്യുക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. 1860ൽ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. രാജ്ഞി 1895ൽ അദ്ദേഹത്തെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യയിലേക്ക് നാമനിർദ്ദേശം ചെയ്തു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മാണത്തിൽ ചീഫ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ച അദ്ദേഹം പ്രകൃതിയുടെ ക്രോധവും വിഷപ്രാണികളുടേയും വന്യമൃഗങ്ങളുടേയും ശല്ല്യത്തെയും അവഗണിച്ചാണ് മറ്റ് ബ്രിട്ടീഷ് എൻജിനീയർമാർക്കൊപ്പം ഡാമിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 

Tags:    
News Summary - Tamil Nadu govt to install Mullaperiyar dam builder Col John Pennycuick’s statue in UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.