ചെന്നൈ: തമിഴ്നാട് നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യം തൂത്തുവാരി. മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡി.എം.കെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഡി.എം.കെ സഖ്യകക്ഷികളായ കോൺഗ്രസും ഇടതുകക്ഷികളും നേട്ടമുണ്ടാക്കി. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ 21 കോർപറേഷനുകളും ഡി.എം.കെ പിടിച്ചടക്കി. 138 നഗരസഭകളിൽ 132 എണ്ണത്തിൽ ഡി.എം.കെ അധികാരത്തിലെത്തി. മൂന്ന് നഗരസഭകളുടെ ഭരണം മാത്രമാണ് അണ്ണാ ഡി.എം.കെക്ക് ലഭിച്ചത്.
ചെന്നൈ കോർപറേഷനിൽ 200 വാർഡുകളിൽ 164 സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോൾ ഡി.എം.കെ- 128, കോൺഗ്രസ്- ഒൻപത്, സി.പി.എം- രണ്ട്, സി.പി.ഐ- ഒന്ന്, എം.ഡി.എം.കെ- രണ്ട്, അണ്ണാ ഡി.എം.കെ- 15, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയാണ് ലഭിച്ചത്. കോയമ്പത്തൂർ കോർപറേഷനിലെ 100 വാർഡുകളിലെ 85 സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോൾ ഡി.എം.കെ- 61, കോൺഗ്രസ്- എട്ട്, സി.പി.എം-നാല്, സി.പി.ഐ- മൂന്ന്, എസ്.ഡി.പി.ഐ-ഒന്ന്, അണ്ണാ ഡി.എം.കെ- മൂന്ന്, എം.ഡി.എം.കെ - മൂന്ന്, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി- ഒന്ന് എന്നിങ്ങനെയാണ് ലഭിച്ചത്. 138 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് 2,360 സീറ്റുകളും അണ്ണാ ഡി.എം.കെക്ക് 638 സീറ്റുകളും കിട്ടി. കോൺഗ്രസ്- 151, ബി.ജെ.പി-56, സി.പി.എം- 41, മുസ്ലിംലീഗ്- 23, സി.പി.ഐ- 12, മനിതനേയ മക്കൾ കക്ഷി- നാല് എന്നിങ്ങനെയാണ് മറ്റുകക്ഷികളുടെ സീറ്റുനില.
തനിച്ച് മത്സരിച്ച ബി.ജെ.പിയും ശക്തിതെളിയിച്ചു. 21 കോർപറേഷൻ വാർഡുകളിലും 56 നഗരസഭ വാർഡുകളിലും ബി.ജെ.പി വിജയിച്ചു. കന്യാകുമാരി ജില്ലയിലെ ഇറണിയൽ ടൗൺ പഞ്ചായത്തിൽ 15 വാർഡുകളിൽ 12 സീറ്റുകൾ നേടി ബി.ജെ.പി ഒറ്റക്ക് ഭരണം പിടിച്ചെടുത്തു. തമിഴ്നാട്ടിൽ ഹിജാബ് ധരിച്ച മുസ്ലിം വനിത വോട്ടർമാർക്കെതിരെ ബി.ജെ.പി ബൂത്ത് ഏജന്റ് പ്രതിഷേധിച്ച മധുര മേലൂർ നഗരസഭയിലെ എട്ടാമത് വാർഡിൽ ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചത് പത്ത് വോട്ടുകൾ മാത്രം. കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിനും സീമാന്റെ നാം തമിഴർകക്ഷിക്കും ഒരിടത്തും വിജയിക്കാനായില്ല. മാർച്ച് രണ്ടിന് പുതിയ ഭരണസമിതികൾ അധികാരമേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.