ചെന്നൈ: തിരുപ്പൂരിൽ പ്രകൃതി ചികിത്സയുടെ ഭാഗമായി ഡോക്ടർമാരുടെ സഹായമില്ലാതെ ഭർത്താവ് പ്രസവമെടുത്ത യുവതി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കാർത്തികേയനെ നല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ കാേങ്കയം റോഡ് പുതുപാളയത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ കിർത്തികയാണ് (27) മരിച്ചത്.
പ്രകൃതിചികിത്സയിൽ ഏറെ തൽപരയായിരുന്ന കിർത്തിക രണ്ടാമത്തെ ഗർഭംധരിച്ചതു മുതൽ അലോപതി ഡോക്ടർമാരെക്കണ്ട് ചികിത്സ തേടിയിരുന്നില്ല. ഒാൺലൈനിലൂടെ മനസ്സിലാക്കിയ ഗർഭകാലഘട്ടത്തിലെ വിവിധ പ്രകൃതി ചികിത്സകളാണ് പ്രാവൃത്തികമാക്കിയത്. ഇരുവരുടെയും കുടുംബാംഗങ്ങൾ ഇതിനെ ശക്തിമായി എതിർത്തിരുന്നു. എന്നാൽ, ദമ്പതികൾ നിലപാടിൽ ഉറച്ചുനിന്നു.
ജൂലൈ 22ന് പ്രസവവേദന അനുഭവപ്പെട്ടപ്പോൾ നേരത്തെ ഇങ്ങനെ പ്രസവിച്ച കുടുംബസുഹൃത്തായ ലാവണ്യയെയും ഭർത്താവ് പ്രവീണിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി യു ടൂബ് വിഡിയോ നോക്കി പ്രസവമെടുക്കുകയായിരുന്നു. കിർത്തിക പെൺകുഞ്ഞിനെ പ്രസവിച്ചുവെങ്കിലും അമിത രക്തസ്രാവംമൂലം അബോധാവസ്ഥയിലാവുകയായിരുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളില്ല. ഉടൻ കിർത്തികയെ തിരുപ്പൂർ സർക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
കിർത്തികയുടെ പിതാവ് രാജേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച രാവിലെ കാർത്തികേയനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രവീൺ ഉൾപ്പെടെ പ്രസവസമയത്ത് സഹായിച്ചവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.