തരിഗാമിയെ മന്ത്രിയാക്കാൻ നീക്കം; നാഷണൽ കോൺഫറൻസുമായി ചർച്ചക്ക് തയാറെന്ന് സി.പി.എം

ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം തവണയും വിജയക്കൊടി പാറിച്ച സി.പി.എം എം.എൽ.എ യൂസഫ് തരിഗാമിയെ ജമ്മു കശ്മീർ മന്ത്രിസഭയിൽ കൂട്ടാൻ നീക്കം. നാഷണൽ കോൺഫറൻസ് ആവശ്യപ്പെട്ടാൽ ഇതു സംബന്ധിച്ച് ചർച്ചക്ക് തയാറാണെന്ന് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ തരിഗാമി കുൽഗാം മണ്ഡലത്തിൽ നിന്നാണ് ഇത്തവണയും ജയിച്ച് കയറിയത്. 7,838 വോട്ടിനാണ് എതിർ സ്ഥാനാർഥി സയാർ അഹ്മദ് റെഷിയെ തോൽപിച്ചത്. 1996 മുതൽ ഇവിടെ തരിഗാമിയാണ് ജയിക്കുന്നത്. ഇത്തവണ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് മുന്നണിയിലാണ് സി.പി.എം ജനവിധി തേടിയത്.

കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉൾപ്പെടെ നിരവധി ജനകീയ വിഷയങ്ങളിലെ മുൻനിരപ്പോരാളിയാണ് 73കാരനായ തരിഗാമി. പ്രത്യേക അധികാരം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയായ ഗുപ്കാർ മൂവ്മെന്‍റിന്‍റെ വക്താവാണ്.

അതേസമയം, നാല് സ്വതന്ത്രർ കൂടി ഉമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ജമ്മുകശ്മീരിൽ നാഷണൽ കോൺഫറൻസ് ഒറ്റക്ക് കേവലഭൂരിപക്ഷം പിന്നിട്ടു. പ്യാരേ ലാൽ ശർമ്മ, സതീഷ് ശർമ്മ, ചൗധരി മുഹമ്മദ് അക്രം, ഡോ.രാമേശ്വർ സിങ് തുടങ്ങിയവരാണ് ഉമർ അബ്ദുല്ലയുടെ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ചംബ്, സുരാൻകോട്ടെ, ബാനി തുടങ്ങിയ സീറ്റുകളിൽ നിന്നാണ് ഇവർ വിജയിച്ചത്.

ഇതോടെ നാഷണൽ കോൺഫറൻസിന് ഇപ്പോൾ 46 എം.എൽ.എമാരുടെ പിന്തുണയുണ്ട്. ഇതിൽ ലഫറ്റനന്റ് ഗവർണർ നാമനിർദേശം ചെയ്യുന്ന അഞ്ച് പേർ ഉൾപ്പെടുന്നില്ല. ഇതോടെ കോൺഗ്രസിന്റെ പിന്തുണയില്ലാതെ തന്നെ നാഷണൽ കോൺഫറൻസിന് ജമ്മുകശ്മീർ ഭരിക്കാനാവും.

നിയമസഭ തെരഞ്ഞെടുപ്പിൽ ഉമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസിന് 42 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് ആറ് സീറ്റിൽ മാത്രം വിജയിക്കാനാണ് സാധിച്ചത്. ബി.ജെ.പിക്ക് 29 സീറ്റിൽ വിജയിക്കാൻ സാധിച്ചു. മൂന്ന് സ്വതന്ത്ര്യരുടെ പിന്തുണ കൂടി ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ പാർട്ടിയുടെ നിയമസഭയിലെ അംഗബലം 32 ആയി ഉയരും.

നേരത്തെ ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാനുള്ള പ്രമേയം ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ പാസാക്കുമെന്ന് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ല പറഞ്ഞിരുന്നു. പ്രമേയം പാസാക്കിയാലുടൻ പ്രധാനമന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ സമ്മർദമില്ലാതെ ജമ്മുകശ്മീരിൽ നല്ല രീതിയിൽ ഭരണം നിർവഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - Tarigami to Jammu and Kashmir Cabinet?; Central leadership of CPM is ready for discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.