ന്യൂഡൽഹി: ശരദ് പവാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എൻ.സി.പി വിട്ട മുതിർന്ന നേതാവ് താരിഖ് അൻവർ കോൺഗ്രസിൽ ചേർന്നു. അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കോൺഗ്രസിൽ ചേരുന്ന വിവരം പ്രഖ്യാപിച്ചത്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മറ്റ് പാർട്ടി പ്രവർത്തകരും താരിഖ് അൻവറിനൊപ്പം ഉണ്ടായിരുന്നു.
റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നേരന്ദ്ര മോദിയെ ശരത് പവാർ ന്യായീകരിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ വലംകൈയായിരുന്ന താരിഖ് അൻവർ എൻ.സി.പി വിട്ടുന്നതായി പ്രഖ്യാപിച്ചത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് സംയുക്ത പാർലെമന്ററി സമിതി (ജെ.പി.സി) അന്വേഷണം ആവശ്യപ്പെടുന്ന ഘട്ടത്തിൽ തന്നെ നരേന്ദ്ര മോദിയെ സംരക്ഷിക്കുന്ന വിധം യു.പി.എ സഖ്യകക്ഷിയുടെ നേതാവ് സംസാരിച്ചത് ശരിയായില്ലെന്നാണ് അൻവറിന്റെ നിലപാട്.
എൻ.സി.പി വിട്ടതിന് പിന്നാലെ ബിഹാറിലെ കതിഹാർ ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള എം.പി സ്ഥാനവും അൻവർ രാജിവെച്ചിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള എൻ.സി.പി ജനറൽ സെക്രട്ടറിയും സംസ്ഥാന ന്യൂനപക്ഷ കമീഷൻ മുൻ ചെയർമാനുമായ മുനാഫ് ഹക്കീമും പവാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെച്ച് താരിഖ് അൻവറിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
റഫാൽ പോർവിമാന ഇടപാടിൽ നരേന്ദ്ര മോദിയുടെ ഉദ്ദേശശുദ്ധിയെ ജനങ്ങൾ സംശയിക്കില്ലെന്നാണ് ശരത് പവാർ മറാഠി ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. പോർവിമാനത്തിെൻറ സാേങ്കതിക കാര്യങ്ങൾ പരസ്യമാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ കഴമ്പില്ല. വിമാനത്തിെൻറ വിവരങ്ങൾ പുറത്തുവിടുന്നതു കൊണ്ട് ദോഷമൊന്നുമില്ല. മോദിയെക്കുറിച്ച് ജനങ്ങൾക്ക് സംശയമില്ല.
പ്രതിരോധ മന്ത്രി നിർമല സീതാരാമൻ സർക്കാറിെൻറ ഭാഗം അവതരിപ്പിച്ചതിലാണ് ആശയക്കുഴപ്പം ഉണ്ടായത്. ഇപ്പോൾ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് അവർക്കു പകരം ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്നും പവാർ പറഞ്ഞിരുന്നു. തുടർന്ന് പവാറിന്റെ നിലപാടിനെ റഫാൽ വിവാദത്തിൽ മോദിയെ ന്യായീകരിക്കാനായി ബി.ജെ.പി ഏറ്റുപിടിച്ചിരുന്നു.
കോൺഗ്രസിന്റെ ബിഹാർ പി.സി.സി പ്രസിഡന്റായിരുന്ന താരിഖ് അൻവർ, മുതിർന്ന നേതാക്കളായ ശരത് പവാർ, പി.എ. സാങ്മ എന്നിവർ ചേർന്ന് തൊണ്ണൂറുകളിലാണ് എൻ.സി.പിക്ക് രൂപം നൽകിയത്. വിദേശ വംശജയായ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയാകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇവരുടെ പടിയിറക്കം.
ദേശീയതലത്തിലും മഹാരാഷ്ട്രയിലും എൻ.സി.പി പിന്നീട് കോൺഗ്രസുമായി സഖ്യത്തിലായി. സാങ്മ പിന്നീട് എൻ.സി.പി വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചു. രാഹുൽ ഗാന്ധി അധ്യക്ഷനായതു കൊണ്ട് കോൺഗ്രസിൽ തിരിച്ചെത്താൻ താരിഖ് അൻവറിന് സാേങ്കതിക തടസം ഇല്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.