ന്യൂഡൽഹി: മലാല യൂസഫ് സായി പാക് യുവാവിനെ വിവാഹം ചെയ്തെന്ന വാർത്ത തന്നെ ഞെട്ടിച്ചുവെന്ന് എഴുത്തുകാരി തസ്ലീമ നസ്രിൻ. മലാല പുരോഗമനകാരിയായ ഒരു ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്നായിരുന്നു താൻ കരുതിയതെന്നും തസ്ലീമ നസ്രിൻ ട്വീറ്റ് ചെയ്തു.
'പാകിസ്താൻ യുവാവിനെ മലാല വിവാഹം ചെയ്തുവെന്നറിഞ്ഞത് ഏറെ ഞെട്ടിച്ചു. 24 വയസ് മാത്രമാണ് അവൾക്ക് പ്രായം. മലാല ഓക്സ്ഫോഡ് സർവകലാശാലയിൽ പഠിക്കുകയും സുന്ദരനും പുരോഗമനകാരിയുമായ ഒരു ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുകയും 30 വയസിന് ശേഷം മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കുകയും ചെയ്യുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ...' -തസ്ലീമ നസ്രീൻ ട്വീറ്റ് ചെയ്തു.
യൗവനകാലത്തു തന്നെ മലാല പാകിസ്താൻകാരനും മുസ്ലിമുമായ ഒരാളെ വിവാഹം ചെയ്തതിൽ സ്ത്രീവിരുദ്ധരായ ഏതാനും താലിബാനികൾ സന്തോഷത്തിലാണെന്നും തസ്ലിമ മറ്റൊരു ട്വീറ്റിൽ പറഞ്ഞു. സ്ത്രീകൾ സാമ്പത്തികമായി സ്വയം പര്യാപ്തത നേടുംവരെ വിവാഹം ചെയ്യരുതെന്നും തസ്ലീമ പറഞ്ഞു.
പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് സെന്‍റർ ജനറൽ മാനേജർ അസീർ മാലിക്കിനെയാണ് മലാല വിവാഹം ചെയ്തത്. ബർമിങ്ഹാമിലെ വീട്ടിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു നിക്കാഹ്. മലാല തന്നെയാണ് ട്വിറ്ററിലുടെ വിവാഹവിവരം പുറത്ത് വിട്ടത്. നിക്കാഹിന്‍റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഇന്ന് ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞാനും അസീറും ജീവിതത്തിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. ബർമ്മിങ്ഹാമിലെ വീട്ടിൽ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത നിക്കാഹും നടത്തി. നിങ്ങളുടെ പ്രാർഥനകൾ ഞങ്ങൾക്കൊപ്പം വേണം. ഒരുമിച്ച് ജീവിക്കുന്നതിന്‍റെ ആവേശത്തിലാണ് തങ്ങളിരുവരുമെന്നും മലാല ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.