ഉത്സവസീസണിൽ അനുവദിക്കുന്ന സ്പെഷൽ ട്രെയിനുകൾ അക്ഷരാർഥത്തിൽ തത്കാൽ കൊള്ളയാണ്. സീറ്റുകൾ വേഗം വെയ്റ്റിങ് ലിസ്റ്റിലാക്കിയാണ് പിഴിയലിന് കളമൊരുക്കുന്നത്. സ്ലീപ്പർ ടിക്കറ്റുകളിൽ നല്ലൊരു പങ്കും അധിക നിരക്ക് നൽകേണ്ട തത്കാലിലേക്കു മാറ്റും. ഇതിലാണ് പിന്നീട് ലാഭക്കച്ചവടം. തത്കാലിനായി നീക്കിവെക്കുന്നതിൽതന്നെ 50 ശതമാനം സാദാ തത്കാലും 50 ശതമാനം പ്രീമിയം തത്കാലുമാണ്. പ്രീമിയം തത്കാലിൽ വിമാനടിക്കറ്റ് മാതൃകയിൽ ഓരോ 10 ശതമാനം കഴിയുന്തോറും നിരക്ക് വർധിക്കും. ഫ്ലക്സി നിരക്കും ആനുകൂല്യ നിഷേധവും പാസഞ്ചർ അവസാനിപ്പിക്കലും വഴി ടിക്കറ്റ് വരുമാനത്തിൽ വൻ വർധനയാണ് റെയിൽവേക്കുള്ളത്.
കഴിഞ്ഞ ഒരു വർഷത്തെ ടിക്കറ്റ് വരുമാനം 54,733 കോടി രൂപയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 73 ശതമാനം വർധന. തൊട്ടു മുൻവർഷം ഇതേ കാലയളവിൽ 31,634 കോടി രൂപയായിരുന്നു വരുമാനം. കോവിഡ് നിയന്ത്രണകാലമായിരുന്ന 2020-2021ൽ 125 കോടിയായിരുന്നു യാത്രക്കാരിൽനിന്നുള്ള വരുമാനം. യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധന കാണുന്നില്ലെങ്കിലും വരുമാനത്തിൽ വർധനയുണ്ടായി എന്നതാണ് കൗതുകം. യാത്രച്ചെലവ് കൂടി എന്നാണ് ഈ കണക്കുകൾ അടിവരയിടുന്നത്. 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെയുള്ള കണക്കനുസരിച്ച് റിസർവ് ചെയ്ത യാത്രക്കാരിൽനിന്ന് കിട്ടിയ വരുമാനം 42,945 കോടിയാണ്. തൊട്ടു മുൻവർഷം ഇതേ കാലയളവിൽ 29,945 കോടിയും. റിസർവ് യാത്രക്കാരുടെ എണ്ണം തൊട്ടു മുൻവർഷത്തെ 6181 ലക്ഷത്തിൽനിന്ന് ഈ വർഷം 6590 ലക്ഷമായാണ് ഉയർന്നത്.
യാത്രക്കാരുടെ എണ്ണം ഏഴു ശതമാനം മാത്രമാണ് കൂടിയതെന്നിരിക്കെയാണ് വരുമാനം 48 ശതമാനം കുതിച്ചത്. തിരക്കിനനുസരിച്ച് നിരക്കുയർന്ന ഫ്ലക്സി നിരക്കിലെ ട്രെയിനുകളിലൂടെ 2019 മുതൽ 2022 ഒക്ടോബർ വരെ റെയിൽവേയുടെ അക്കൗണ്ടിലെത്തിയത് 2442 കോടിയാണ്.
റദ്ദാക്കലിലും കൊയ്യുന്നത് കോടികൾ
ടിക്കറ്റ് വിൽപനയിലൂടെ മാത്രമല്ല, ടിക്കറ്റ് റദ്ദാക്കലിലൂടെയും റെയിൽവേ കൊയ്യുന്നത് കോടികളാണ്. ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന തുക ഇരട്ടിയാക്കിയും കൺഫേം ടിക്കറ്റ് റദ്ദാക്കാനുള്ള സമയപരിധി വെട്ടിച്ചുരുക്കിയുമുള്ള ഒടുവിലെ പരിഷ്കാരമാണ് യാത്രക്കാരന്റെ പോക്കറ്റ് പിഴിയുന്നത്. 2014 മുതൽ 2022 വരെയുള്ള കണക്കുപ്രകാരം 10,986 കോടി രൂപയാണ് ഇങ്ങനെ റെയിൽവേയുടെ അക്കൗണ്ടിലെത്തിയത്. ഇതിൽ 2019 മുതൽ 2022 വരെ മാത്രം പിടുങ്ങിയത് 6297 കോടിയാണ്.
നാലു വർഷത്തിനിടെ മാത്രം 31 കോടി ടിക്കറ്റാണ് യാത്ര ഉപേക്ഷിച്ചതിനാൽ റദ്ദാക്കിയത്. അതായത്, പ്രതിദിനം കാൻസൽ ചെയ്യുന്ന ടിക്കറ്റ് ഇനത്തിൽ മാത്രം ലഭിക്കുന്നത് ശരാശരി 4.31 കോടി രൂപയാണ്. 2021ൽനിന്ന് 2022 ലേക്കെത്തുമ്പോൾ ഈ ഇനത്തിലെ വരുമാനത്തിൽ 32 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണുള്ളത്. അതായത്, 2021ലെ 1660 കോടിയിൽനിന്ന് 2022ൽ 2184 കോടിയായി.
2020ൽ കാൻസലേഷനിൽനിന്നുള്ള വരുമാനം 796 കോടിയായിരുന്നു (പ്രതിദിനം 2.17 കോടി). ട്രെയിൻ പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പുവരെ കാൻസൽ ചെയ്യുന്ന ടിക്കറ്റുകൾക്കേ നിലവിൽ പണം തിരികെ ലഭിക്കൂ. ട്രെയിൻ പുറപ്പെട്ട് രണ്ടു മണിക്കൂർ കഴിഞ്ഞുവരെ ടിക്കറ്റ് റദ്ദാക്കിയാൽ പകുതി തുകവരെ നേരത്തേ തിരിച്ചുകിട്ടുമായിരുന്നു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിനു മുമ്പുള്ള ടിക്കറ്റ് റദ്ദാക്കലുകൾക്ക് മിനിമം നിരക്ക് എന്ന പേരിലാണ് റെയിൽവേയുടെ പോക്കറ്റടി. ഏതുതരം കോച്ചായാലും വെയ്റ്റിങ് ലിസ്റ്റിൽപെടുകയും പിന്നീട് റദ്ദാക്കേണ്ടിവരുകയും ചെയ്താൽ 60 രൂപ നഷ്ടപ്പെടും. നേരത്തേ സെക്കൻഡ് ക്ലാസുകളിൽ ഇത് 30 രൂപ മാത്രമായിരുന്നു. സെക്കൻഡ് സിറ്റിങ്ങിലെ കൺഫേം ടിക്കറ്റുകളുടെ റദ്ദാക്കലുകൾക്കും മിനിമം നിരക്ക് 60 രൂപയാണ്. സ്ലീപ്പർ ക്ലാസിലെ ഉറപ്പായ ടിക്കറ്റിന് 120 രൂപയാണ് കാൻസലേഷൻ നിരക്ക്.
നേരത്തേ ഇത് 60 രൂപ മാത്രമായിരുന്നു. എ.സി ചെയർകാറിൽ 180 രൂപയും (മുമ്പ് 90 രൂപ) എ.സി ത്രീ ടയറിലും ടൂ ടയറിലും 200 രൂപയും (മുമ്പ് 100 രൂപ) എ.സി ഒന്നാം ക്ലാസിൽ 240 രൂപയുമാണ് (മുമ്പ് 120 രൂപ) കാൻസലേഷന്റെ പേരിൽ യാത്രക്കാരനിൽനിന്ന് പിടുങ്ങുന്നത്. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലാകട്ടെ പല കണക്കാണിപ്പോൾ. ടിക്കറ്റ് റദ്ദാക്കുന്നത് ട്രെയിൻ യാത്ര തുടങ്ങുന്നതിന് 12 മണിക്കൂറിന് മുമ്പാണെങ്കിൽ 25 ശതമാനം തുക നഷ്ടപ്പെടും. 12 മണിക്കൂറിനും നാലു മണിക്കൂറിനും ഇടയിലാണെങ്കിൽ പകുതി കാശും പോവും. യാത്രക്കാരന്റെ പോക്കറ്റ് ചോരുന്നതിന്റെ അളവും വ്യാപ്തിയുമാണ് ടിക്കറ്റ് റദ്ദാക്കൽ വഴി ഓരോ വർഷവും റെയിൽവേയുടെ അക്കൗണ്ടിലെത്തുന്ന ഭീമൻകണക്കുകൾ വ്യക്തമാക്കുന്നത്.
കാൻസൽ ചെയ്യാത്തതും റെയിൽവേക്ക് നേട്ടം
വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ റദ്ദാക്കപ്പെടാതിരിക്കുന്നതും റെയിൽവേക്ക് ലോട്ടറിയാണ്. 2019 -2022 കാലത്ത് വെയ്റ്റിങ് ലിസ്റ്റിലുള്ള 9.03 കോടി ടിക്കറ്റുകൾ റദ്ദാക്കപ്പെട്ടില്ല. ഒരു രൂപപോലും യാത്രക്കാരന് നൽകാതെ ഈ ഇനത്തിൽ റെയിൽവേയുടെ പെട്ടിയിലെത്തിയത് 4107 കോടിയും. 2021ലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ വർധന രണ്ടരമടങ്ങാണ്. 2019ൽ 1489 കോടിയും 2020ൽ 299 കോടിയും 2021ൽ 713 കോടിയും 2022ൽ 1604 കോടിയും രൂപയുടെ ടിക്കറ്റാണ് റദ്ദാക്കപ്പെടാതെ പോയത്. (അവസാനിച്ചു) തയാറാക്കിയത്: എം. ഷിബു, എസ്. ഷാജിലാൽ, ബിജു ചന്ദ്രശേഖർ, ഷംനാസ് കാലായിൽ, കെ.പി. ഷിജു, കെ. മുരളി, ടി. മുംതാസ്, സന്ദീപ് ഗോവിന്ദ്, രവീന്ദ്രൻ രാവണേശ്വരം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.