ചെന്നൈ: ഇന്ത്യയിൽ കോവിഡ്ബാധ പിടിവിട്ട് കുതിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങളെ ബോധവാൻമാരാക്കുകയാണ് സർക്കാറുകൾ. കോവിഡിനെതിരെയുള്ള ഏറ്റവും വലിയ രക്ഷാകവചങ്ങളിൽ ഒന്നാണ് മാസ്ക്. കോവിഡ് ചട്ടങ്ങൾ പാലിക്കാത്ത സ്വന്തം നാട്ടിലെ ജനങ്ങളെ ബോധവാൻമാരക്കുന്നതിനായി തമിഴ്നാട്ടിലെ ഒരു ചായക്കടക്കാരൻ വ്യത്യസ്തമായ ഒരു മാർഗം സ്വീകരിച്ചിരിക്കുകയാണ്.
മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്‍റെയും ജെ. ജയലളിതയുടെയും പ്രതിമകൾക്ക് മാസ്ക് അണിയിച്ചായിരുന്നു തവമണിയുടെ ബോധവൽകരണം.
കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചിക്കടുത്തുള്ള തന്‍റെ ഗ്രാമത്തിലെ ജനങ്ങൾ കോവിഡ് ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടാണ് അദ്ദേഹം ഇത്തരം ഒരു പ്രവർത്തിയുമായി മുന്നോട്ട് വന്നത്. തന്‍റെ കടയിൽ വരുന്ന ജനങ്ങൾക്കിടയിൽ കോവിഡ് രോഗബാധയെ കുറിച്ചുള്ള അവബോധം വളർത്താൻ തന്‍റെ പ്രിയ നേതാക്കൻമാരെ അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാസ്കിന്റെ പ്രാധാന്യം ജനങ്ങളെ ഓർമിപ്പിക്കുകയാണ് മാസ്കണിഞ്ഞ എം.ജി.ആറിന്‍റെയും തലൈവിയുടെയും പ്രതിമകൾ. നിലവിൽ കോയമ്പത്തൂരിൽ മാത്രം 6922 കോവിഡ് രോഗികൾ ചികിത്സയിൽ ഉണ്ട്. 720 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം റെക്കോഡ് പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 17,858 പുതിയ രോഗികളടക്കം തമിഴ്നാട്ടിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11.48 ലക്ഷം ആയി. 13,933 പേരാണ് സംസ്ഥാനത്ത് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.