അറിവിന്റെ ഏക സ്രോതസ്സായി പരിഗണിച്ചിരുന്ന അധ്യാപകരും ഗുരുകുല സമ്പ്രദായത്തിലെ ഗുരുക്കന്മാരും അവരുടെ അധ്യാപന രീതികളുമെല്ലാം ഇന്നുകാണുന്ന രീതിയിലേക്ക് മാറിയത് വിദ്യാഭ്യാസ രംഗത്ത് നടന്ന നിരവധിയായ ഗവേഷണ പ്രക്രിയകളുടെ ഭാഗമായാണ്. ആധുനിക വിദ്യാഭ്യാസ പ്രക്രിയയിൽ ഒരിടത്തും അറിവിന്റെ ഏക സ്രോതസ്സായി അധ്യാപകരെ നിർവചിക്കുന്നില്ല. മറിച്ച് കുട്ടികളെ മുന്നോട്ട് നയിക്കാൻ ശേഷിയുള്ള സുഹൃത്തും വഴികാട്ടിയുമായാണ് പരിഗണിക്കുന്നത്. ‘‘I never teach my pupils. I only attempt to provide the conditions in which they can learn’’ എന്ന ആൽബർട്ട് ഐൻസ്റ്റൈന്റെ വാക്കുകൾ ഇതേ അർഥം ഉൾക്കൊള്ളുന്നുണ്ട്.
വ്യവസായ വിപ്ലവം (4.0) നാലാംപതിപ്പിൽനിന്ന് അഞ്ചിലേക്കും ജ്ഞാന സമൂഹത്തിന്റെ നിർമിതിയും ജ്ഞാനസമ്പദ് വ്യവസ്ഥയും യാഥാർഥ്യവുമാകുന്ന പുതിയ കാലത്തെ വിദ്യാഭ്യാസം ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. ഈ സവിശേഷമായ കാലത്തെ അഭിമുഖീകരിക്കുക എന്ന വലിയ വെല്ലുവിളിയാണ് ആധുനിക കാലത്തെ അധ്യാപക സമൂഹം നേരിടുന്നത്. കേന്ദ്ര-കേരള സർക്കാറുകൾ ഇതിനകം തന്നെ AVGC-XR (അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയ്മിങ്, കോമിക്സ് & എക്സ്റ്റൻഡ് റിയാലിറ്റി) നയം പ്രഖ്യാപിച്ചുകഴിഞ്ഞു.
പഠന പ്രക്രിയ സുഗമമാക്കുവാനും ഭാവി തലമുറക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും ശേഷിയുള്ള ഈ മേഖലയിൽ ഇന്ന് ഇന്ത്യയുടെ സംഭാവന കേവലം 2.3 ബില്യൺ ഡോളർ മാത്രമാണ് (0.7% മാത്രം). 2026 ഓടുകൂടി അത് 53.75 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാര്യങ്ങളെല്ലാം സ്വന്തം ചുറ്റുപാടിൽ നിന്നുതന്നെ സ്വായത്തമാക്കാനുള്ള സാധ്യത വിദ്യാർഥികൾക്കുണ്ട്. സ്വയം മാറാൻ ശേഷിയുള്ള ഇത്തരം കുട്ടികളെ ക്ലാസ് മുറികളിൽ അഭിമുഖീകരിക്കേണ്ടിവരുന്ന അധ്യാപകർക്ക് മാറ്റം അനിവാര്യമാണ്. വിവരങ്ങളുടെ പ്രളയകാലത്ത് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയെ എങ്ങനെ സൂക്ഷ്മമായി ഉപയോഗപ്പെടുത്തണം (നോളജ് മാനേജ്മെന്റ്) എന്നതും ഈ കാലത്ത് വലിയ പ്രാധാന്യത്തോടുകൂടി ചർച്ച ചെയ്യേണ്ടതുണ്ട്. വിവരങ്ങൾ പല സ്രോതസ്സുകളിൽനിന്ന് കുട്ടികൾക്ക് ലഭിക്കുന്നുണ്ടാവും.
അതിൽനിന്ന് തെറ്റും ശരിയും തിരിച്ചറിഞ്ഞ് സ്വീകരിക്കാനുള്ള അടിസ്ഥാനശേഷി കുട്ടികളിൽ വളർത്തിയെടുക്കാൻ അധ്യാപകർ പ്രാപ്തരായേ പറ്റൂ. അതിനായി ഇൻഫർമേഷൻ ലിറ്ററസി, മീഡിയ ലിറ്ററസി, ടെക്നോളജി ലിറ്ററസി എന്നിവ അധ്യാപകരും മനസ്സിലാക്കണം. 21ാം നൂറ്റാണ്ടിന്റെ ശേഷികളായ ക്രിയേറ്റിവിറ്റിയും കമ്യൂണിക്കേഷനും വിമർശനചിന്തയും സംഘപഠനങ്ങളും നൂതനാശയ ഉൽപാദനവും ഓരോ വിഷയത്തിലും ആഴയത്തിലുള്ള അറിവും ഓരോ കുട്ടിയും നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെങ്കിൽ അധ്യാപകർ അതിന് സജ്ജരാകേണ്ടതുണ്ട്. ഈ ശേഷികൾ അധ്യാപകർക്ക് ലഭിക്കുന്നതരത്തിൽ നമ്മുടെ ഇൻസർവിസ് പരിശീലന പദ്ധതികളുടെ പരിഷ്കരണവും അനിവാര്യമാണ്. ജ്ഞാനസമൂഹത്തിൽ അധ്യാപനം കൂടുതൽ സങ്കീർണവും ഗൗരവമേറിയതുമായ പ്രഫഷനായി പരിണമിച്ചിട്ടുണ്ട്. ആധുനികമായ കാഴ്ചപ്പാടിൽ അധ്യാപനം വ്യക്തിഗതമായ പ്രവൃത്തിയിൽനിന്ന് ടീം വർക്ക് എന്ന കാഴ്ചപ്പാടിലേക്ക് മാറിയിട്ടുമുണ്ട്.
ഇതിനർഥം ഒരു ടീം രൂപവത്കരിച്ച് പഠിപ്പിക്കുക എന്നല്ല; മറിച്ച് കുട്ടികളും സാങ്കേതിക വിദഗ്ധരും പ്രഥമാധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചുള്ള സാമൂഹികമായ പ്രക്രിയ എന്ന നിലക്കാണ് ഇതിനെ കാണേണ്ടത്. ഇതിന് ഉത്തമ ഉദാഹരണമായി ഓരോ ചെറിയ ഇടവേളകളിലും അധ്യാപകർ കൂടിയിരുന്ന് വിഷയങ്ങളെക്കുറിച്ച് സംസാരിച്ച് വ്യത്യസ്ത മാതൃകകൾ സൃഷ്ടിക്കുന്ന ജപ്പാനിലെ വിദ്യാഭ്യാസ പ്രക്രിയയെ ചില വിദ്യാഭ്യാസ വിചക്ഷണന്മാർ ചൂണ്ടിക്കാട്ടുന്നു.
ഈ മാതൃകതന്നെയാണ് കേരളത്തിലും ‘ക്ലസ്റ്റർ’ രൂപത്തിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്നത്. കൃത്യമായ ആസൂത്രണത്തോടുകൂടി സംഘടിപ്പിച്ചാൽ അത്ഭുതാവഹമായ ഫലം ഉണ്ടാക്കുവാൻ ഇതിന് കഴിയും എന്നത് ലോകത്തിലെ വിവിധ മാതൃകകളുടെ റിസൾട്ട് ഉദ്ധരിച്ച് നമുക്ക് പറയാൻ കഴിയും. സ്കൂൾ അന്തരീക്ഷത്തിന്റെ മാറിയ സാഹചര്യത്തിൽ നിരന്തരമായി ഉയർന്നുവരുന്ന പ്രശ്നങ്ങളെ കാര്യക്ഷമമായി നേരിടണമെങ്കിൽ ഓരോ അധ്യാപകനും ചെറു ഗവേഷകരായി മാറേണ്ടതുണ്ട്. ജ്ഞാനസമൂഹ സൃഷ്ടിക്ക് സമൂഹത്തിൽ അത്യന്താപേക്ഷിതമായ ഘടകങ്ങളിൽ ഒന്നാണ് ആവിഷ്കാര സ്വാതന്ത്ര്യം (Freedom of Speech and Expression). സമകാലിക സാഹചര്യത്തിൽ മറ്റുള്ള പ്രഫഷണലുകളെപ്പോലെതന്നെ ഇന്ത്യൻ ഉന്നത വിദ്യാഭ്യാസത്തിന്റെ ക്ലാസ് മുറികളിൽ അധ്യാപകർക്കും ശ്വാസംമുട്ടുന്നുണ്ട്. ഓരോ കുട്ടിയും ആർജിക്കേണ്ട വിമർശനാത്മക ചിന്തയും ക്രിയേറ്റിവിറ്റിയും വളർത്താൻ ക്ലാസ് മുറികളിലും ജനാധിപത്യപരമായ സ്വാതന്ത്ര്യം അനിവാര്യമാണ്. വ്യത്യസ്തങ്ങളായ സിദ്ധാന്തങ്ങളെയും ആനുകാലിക സംഭവങ്ങളെയും തുറന്ന ചർച്ചകളിലൂടെ സ്വാഭാവികമായി കുട്ടികളിലേക്ക് എത്തിച്ചാൽ മാത്രമേ അരിസ്റ്റോട്ടിൽ പറഞ്ഞുവെച്ച Knowing why, knowing how, know what to do എന്ന തലത്തിലേക്ക് ഓരോ കുട്ടിയേയും ഉയർത്താൻ കഴിയുകയുള്ളൂ.
കാലഘട്ടത്തിന്റെ ശേഷികളും ആഗോളതലത്തിൽ സവിശേഷമായി ചർച്ചചെയ്യുന്ന ഫ്യൂച്ചർ പ്രൂഫ് (Future Proof) വിദ്യാഭ്യാസവും നേടാൻ പ്രാപ്തിയുള്ള കുട്ടികളെ സഹായിക്കാൻ നമ്മുടെ പുതിയ അധ്യാപക സമൂഹം സ്വയം നവീകരണത്തിന് വിധേയമാകണം. അതിന് നിർബന്ധമായും മാറേണ്ടത് നമ്മുടെ പ്രീസർവിസ്, ഇൻസർവിസ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളും പ്രവേശന രീതികളുമാണ്.
ആധുനിക വിദ്യാഭ്യാസത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമായ സ്കിൽ വിദ്യാഭ്യാസം നൽകാൻ പ്രാപ്തി നേടുന്നതിനോടൊപ്പം തന്നെ രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളും അടിയുറച്ച മാനവികതയും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നവരായും നമ്മുടെ അധ്യാപക സമൂഹം മാറേണ്ടതുണ്ട്.
(സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയ്നിങ് ഡയറക്ടറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.