ന്യൂഡല്‍ഹി: എന്‍.ജി.ഒകളുടെ സ്വത്തുക്കള്‍ മരവിപ്പിച്ച അഹ്മദാബാദ് പൊലീസിന്‍െറ നടപടിയെ ചോദ്യംചെയ്ത് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാറിനോട് വിശദീകരണം തേടി.
ഈ മാസം 16നകം മറുപടി ബോധിപ്പിക്കാനാണ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതാവ് റോയ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍െറ നിര്‍ദേശം.
ഹരജിയില്‍ കോടതി ഡിസംബര്‍ ഒന്നിന് തീര്‍പ്പുകല്‍പിക്കും.
മൂന്നു മാസത്തോളമായി തങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നിലയില്‍ ആണെന്നും നോട്ടീസ് നല്‍കിയിട്ടും മൂന്നുതവണ ഗുജറാത്ത് സര്‍ക്കാര്‍ ഈ വിഷയം മാറ്റിവെച്ചുവെന്നും ഇരുവരും കോടതിയില്‍ ചൂണ്ടിക്കാട്ടി. ടീസ്റ്റ നേതൃത്വം നല്‍കുന്ന സബ്രംഗ് ട്രസ്റ്റ്, സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് എന്നീ എന്‍.ജി.ഒകളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നീക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും അത് നിരസിക്കുകയായിരുന്നു.
മറുപടി ബോധിപ്പിക്കാന്‍ സമയം നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേ അറിയിച്ചു. 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണക്കായി ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ നിര്‍മിക്കുന്ന മ്യൂസിയത്തിന്‍െറ പേരില്‍ എന്‍.ജി.ഒകള്‍ വഴി ടീസ്റ്റയും കൂട്ടരും ഫണ്ട് സമാഹരിച്ചു എന്ന് ആരോപിച്ച് സൊസൈറ്റിയിലെ താമസക്കാരനായ ഫിറോസ് ഖാന്‍ പത്താന്‍ എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അലഹബാദ് പൊലീസ് ഇവര്‍ക്കെതിരെ തിരിഞ്ഞത്. ആരോപണങ്ങള്‍ എല്ലാം ടീസ്റ്റയും ജാവേദും നേരത്തേതന്നെ നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.