ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യാ ഇരകള്‍ക്ക് നീതിതേടി നിയമപോരാട്ടം നയിച്ച സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതികാര നടപടികള്‍ തുടരുന്നു. വിദേശ സംഭാവനകള്‍ വകമാറ്റി ചെലവഴിച്ചെന്ന് ആരോപിച്ച് സംഘടനയുടെ അംഗീകാരം റദ്ദാക്കിയതിനുപുറമെ കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ പദ്ധതിക്ക് നല്‍കിയ പണം തെറ്റായി വിനിയോഗിച്ചു എന്ന ആരോപണമുയര്‍ത്തിയാണ് പുതിയ വേട്ടയാടല്‍. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് നല്‍കിയ ഒന്നരക്കോടിയോളം രൂപ സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ വിനിയോഗിച്ചു എന്നാണ് മാനവശേഷി വികസന മന്ത്രാലയം നിയോഗിച്ച മൂന്നംഗ പാനലിന്‍െറ കണ്ടത്തെല്‍. ഈ മാസം തുടക്കത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ തുടരുന്ന ഹിന്ദുത്വ കേസില്‍ കക്ഷിചേരാന്‍ ടീസ്റ്റ അപേക്ഷ നല്‍കിയതിനു പിന്നാലെയാണ് പരസ്യപ്പെടുത്തുന്നത്.
ടീസ്റ്റ നേതൃത്വം നല്‍കുന്ന സബ്രംഗ് ട്രസ്റ്റിന് കുട്ടികള്‍ക്കിടയില്‍ സൗഹാര്‍ദം വളര്‍ത്തുന്നതിനുള്ള ഖോജ് പാഠ്യപദ്ധതി നടപ്പാക്കാനാണ് മാനവശേഷി വികസന മന്ത്രാലയം ഫണ്ട് അനുവദിച്ചിരുന്നത്. എന്നാല്‍, മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുകയാണ് ഇവര്‍ ചെയ്തതെന്ന് മോദി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം കണ്ടത്തെി. ടീസ്റ്റയുമായി തെറ്റിപ്പിരിഞ്ഞ പഴയ ജീവനക്കാരന്‍ റഈസ് പത്താനാണ് ഈ ആരോപണം സംബന്ധിച്ചും പരാതി നല്‍കിയത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അതൃപ്തി പരത്താനും ഇന്ത്യയെ ലോകത്തിനു മുന്നില്‍ മോശമായി ചിത്രീകരിക്കാനും ദേശവിരുദ്ധ വികാരത്തിന് ശക്തിപകരാനുമാണ് ഖോജ് പദ്ധതി വഴിവെച്ചതെന്നാണ് ആരോപണം.
തുടര്‍ന്ന് സുപ്രീംകോടതി അഭിഭാഷകന്‍ അഭിജിത്ത് ഭട്ടാചാര്യ, ഗുജറാത്ത് സര്‍വകലാശാല വി.സി എസ്.എ ബാരി, മന്ത്രാലയം ഉദ്യോഗസ്ഥന്‍ ഗയാ പ്രസാദ് എന്നിവരടങ്ങിയ സമിതിയെ അന്നത്തെ മന്ത്രി സ്മൃതി ഇറാനിയാണ് നിയോഗിച്ചത്. ടീസ്റ്റയുടെ സംഘടനക്കെതിരെ സംഘ്പരിവാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളാണ് പാനല്‍ റിപ്പോര്‍ട്ടില്‍ പകര്‍ത്തിവെച്ചിരിക്കുന്നത്. അഞ്ച്, ആറ് ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയ പുസ്തകങ്ങളില്‍ വിഷം വമിപ്പിക്കുന്ന വെറുപ്പാണ് പ്രചരിപ്പിക്കുന്നതെന്നും 153 എ, ബി വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ തക്ക കുറ്റമാണിതെന്നും പാനല്‍ കുറ്റപ്പെടുത്തുന്നു. തടവിലിടാനും പിഴ ഈടാക്കാനും വക നല്‍കുന്നതാണ് ഈ കേസ്. ആരോപണങ്ങളെ തള്ളിക്കളഞ്ഞ ടീസ്റ്റ, സംഘ്പരിവാര്‍ വിചാരധാര രാജ്യത്തിന് അപകടമാണെന്നും അവര്‍ വിഭാവനം ചെയ്യുന്ന സമൂഹനിര്‍മിതിക്ക് എതിരായ പാഠ്യപദ്ധതിയാണ് തയാറാക്കിയതെന്നും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.