പട്ന: നിയമസഭയിൽ വിശ്വാസവോട്ട് തേടുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബിഹാറിൽ ബി.ജെ.പിയുടെ കടന്നുകയറ്റം തടയാൻ തനിക്കു സാധിക്കുമെന്നും തേജസ്വി അവകാശപ്പെട്ടു. ഇൻഡ്യ സഖ്യം വിട്ട് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിലേക്ക് ചേക്കേറിയതിനും തേജസ്വി നിതീഷ് കുമാറിനെ പരിഹസിച്ചു. ജനതാദൾ നേതാവ് ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് എന്നായിരുന്നു തേജസ്വി പറഞ്ഞത്.
ഇക്കാര്യത്തിൽ ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത ജെ.ഡി.യു എം.എൽ.എമാർക്കുണ്ട്. എന്ത്കൊണ്ടാണ് നിതീഷ് കുമാർ മൂന്നുതവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് എന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങളെന്ത് മറുപടി പറയും. നേരത്തേ നിങ്ങൾ ബി.ജെ.പിയെ കുറ്റം പറഞ്ഞ് നടക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ അവരെ പുകഴ്ത്തുകയാണ്. എന്താണ് അതിനുള്ള മറുപടി? -തേജസ്വി യാദവ് നിയമസഭയിൽ പറഞ്ഞു.
ഞങ്ങളെല്ലാം ഒരു കുടുംബാംഗത്തെ പോലെയാണ് നിതീഷ് കുമാറിനെ കണ്ടത്. ഞങ്ങൾ സമാജ്‍വാദി കുടുംബത്തിൽ നിന്നുള്ളവരാണ്. ബിഹാറിൽ മോദിയെ തടയാൻ ഞാനൊറ്റക്ക് നിന്ന് പോരാടും.-തേജസ്വി യാദവ് പറഞ്ഞു. നിതീഷ് കുമാറിനെ അമ്മാവൻ എന്നാണ് തേജസ്വി യാദവ് വിളിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.