ബംഗളൂരു: വോട്ടെടുപ്പ് ദിനത്തിൽ മതം പറഞ്ഞ് വോട്ടു പിടിച്ചതിന് സിറ്റിങ് എം.പിയും ബംഗളൂരു സൗത്ത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ തേജസ്വി സൂര്യക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ കേസെടുത്തു.
സൂര്യ മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതിയിലാണ് നടപടി. ബി.ജെ.പി യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ചയുടെ (ബി.ജെ.വൈ.എം) ദേശീയ അധ്യക്ഷൻ കൂടിയാണ് തേജസ്വി. മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന വിഡിയോ എക്സിൽ പോസ്റ്റ് ചെയ്തതിനാണ് കേസെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബംഗളൂരു ജയനഗർ പൊലീസ് സ്റ്റേഷനിൽ തേജസ്വിക്കെതിരെ പരാതി ലഭിച്ചിരുന്നു. കർണാടകയിൽ ബംഗളൂരു സൗത്ത് ഉൾപ്പെടെ 14 സീറ്റുകളിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ബാക്കിയുള്ള 14 സീറ്റുകളിൽ മേയ് ഏഴിനാണ് വോട്ടെടുപ്പ്.
2019ൽ മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിനെ 3.30 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു തോൽപിച്ചാണ് സൂര്യ ആദ്യമായി പാർലമെന്റിലെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവും കർണാടക ഗതാഗത മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകളും ആൾ ഇന്ത്യ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സൗമ്യ റെഡ്ഡിയാണ് കോൺഗ്രസ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.