അവളെ കൊന്നുകളഞ്ഞത് നാട്ടിലേക്ക് മടങ്ങാനിരിക്കേ; ബ്രസീലുകാരന്റെ കത്തിമുനയിൽ പൊലിഞ്ഞത് നിറമുള്ള സ്വപ്നങ്ങൾ

ലണ്ടൻ: ബിരുദാനന്തര ബിരുദ പഠനം രണ്ടുമാസം മുമ്പ് പൂർത്തിയാക്കിയതായിരുന്നു തേജസ്വിനി റെഡ്ഡി. ആ സന്തോഷവുമായി ലണ്ടനിൽനിന്ന് സ്വദേശമായ ഹൈദരാബാദിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അവൾ. എന്നാൽ, ബ്രസീലുകാരനായ ആ കൊലപാതകി അവളുടെയും കുടുംബത്തി​ന്റെയും സ്വപ്നങ്ങളെല്ലാം തകർത്തു. വെംബ്ലിയിലെ നീൽഡ് ക്രസന്റിലുള്ള ഫ്ലാറ്റിൽ തേജസ്വിനിയെ കുത്തിക്കൊന്നത് അതേ ഫ്ലാറ്റിൽ ഒന്നിച്ച് താമസിക്കുന്ന ബ്രസീലുകാരനായിരുന്നു.

ഹൈദരാബാദിലെ തുർകയംജലിലെ ശ്രീരാം നഗറിലാണ് തേജസ്വിനിയുടെ വീട്. നീൽഡ് ക്രസന്റിൽ ബ്രസീലുകാരൻ ഉൾപെടെ മറ്റു മൂന്നുപേർക്കൊപ്പമാണ് ഫ്ലാറ്റ് വാടകക്കെടുത്ത് തേജസ്വിനി താമസിക്കുന്നത്. ബ്രസീലുകാരൻ ഈയിടെയാണ് ഇവരുടെ കൂട്ടത്തിൽ താമസിക്കാനെത്തിയത്. ബിരുദാനന്തര പഠനത്തിനായി കഴിഞ്ഞ വർഷം മാർച്ചിലാണ് തേജസ്വിനി ലണ്ടനിലെത്തിയത്. നോട്ടിങ്ഹാം യൂനിവേഴ്സിറ്റിയിലായിരുന്നു പഠനം.

സംഭവത്തിൽ തേജസ്വിനിയെ കൂടാതെ അവരുടെ സുഹൃത്തായ അഖില (28) എന്ന യുവതിക്കും കുത്തേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. സംഭവത്തിലേക്ക് നയിച്ച കാരണങ്ങളെന്തെന്ന് ലണ്ടൻ മെട്രോപോളിറ്റൻ പൊലീസ് വ്യക്തമാക്കിയിട്ടില്ല. തേജസ്വിനിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബന്ധുക്കൾ കേന്ദ്ര സർക്കാറിനോടും തെലങ്കാന സർക്കാറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് വെംബ്ലിയിലെ ഫ്ലാറ്റിൽ യുവതികൾക്കു കുത്തേറ്റതുമായി ബന്ധപ്പെട്ട് പൊലീസിന് വിവരം ലഭിച്ചത്. ആംബുലൻസുമായി പൊലീസ് എത്തിയ വേളയിൽ യുവതികൾ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയെങ്കിലും തേജസ്വിനി സംഭവ സ്ഥലത്തുതന്നെ മരിച്ചു. അഖിലയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ബ്രസീലുകാരന് പുറമെ സംഭവ സ്ഥലത്തുനിന്ന് മ​റ്റൊരു യുവാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, യുവതിക്ക് സംഭവത്തിൽ പങ്കില്ലെന്നു​കണ്ട് പൊലീസ് വിട്ടയച്ചു.   

Tags:    
News Summary - Tejaswini was planning to return home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.