ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന കോൺഗ്രസ് പ്രമേയം പാസാക്കി.
തെലങ്കാനയിലെ 33 ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻമാർ സംയുക്തമായാണ് ഞായറാഴ്ച പ്രമേയം പാസാക്കിയത്. തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗവും എം.പിയുമായ മാണിക്കം ടാഗോർ, തെലങ്കാന കോൺഗ്രസ്(ടി.പി.സി.സി) അധ്യക്ഷൻ എൻ. ഉത്തം കുമാർ റെഡ്ഢി, കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് ഭാട്ടി വിക്രമർക്ക മറ്റ് മുതിർന്ന എ.ഐ.സി.സി, ടി.പി.സി.സി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ സംസ്ഥാനത്തെ 33 ഡി.സി.സി അധ്യക്ഷൻമാർ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
നേരത്തേ ഡൽഹി, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് കമ്മിറ്റികളും രാഹുൽ അധ്യക്ഷനാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയിരുന്നു.
2017ൽ രാഹുൽഗാന്ധി പാർട്ടി അധ്യക്ഷ പദവി അലങ്കരിച്ചെങ്കിലും 2019ൽ പാർട്ടിക്കേറ്റ ദയനീയ തോൽവിയെ തുടർന്ന് സ്ഥാനം രാജി വെക്കുകയായിരുന്നു. തുടർന്ന് സോണിയ ഗാന്ധി പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായി സ്ഥാനമേറ്റു. പിന്നീട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നിരന്തരം ആവശ്യപ്പെട്ടിട്ടും രാഹുൽ പാർട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാൻ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.