ഹൈദരാബാദ്: തെലങ്കാനയിലെ സി.പി.ഐ(എം.എൽ) നേതാവ് രായല ചന്ദ്രശേഖർ ജീവനൊടുക്കി. ബുധനാഴ്ച രാത്രി ഖമ്മത്തിനടുത്ത് ദാനവായിഗുഡത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാത്രി വൈകി ഖമ്മം, മല്ലേമഡുഗ് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ ഓടുന്ന ട്രെയിനിനു മുന്നിൽ ചാടി മരിക്കുകയായിരുന്നു. ചൊവ്വാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങളും പാർട്ടി നേതാക്കളും തിരച്ചിലിലായിരുന്നു. കുടുംബ തർക്കങ്ങളും പാർട്ടിയിലെ പ്രശ്നങ്ങളുമാണ് അദ്ദേഹത്തെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്.
പിണ്ടിപ്രോലു ഗ്രാമത്തിൽ ഇടത് ആഭിമുഖ്യമുള്ള കുടുംബത്തിൽ ജനിച്ച ഇദ്ദേഹം പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് സ്റ്റുഡന്റ് യൂനിയനിൽ പ്രവർത്തിച്ചു. 1975ൽ സി.പി.ഐ(എം.എൽ)യിൽ ചേർന്നു. പിന്നീട് അദ്ദേഹം സി.പി.ഐ (എം.എൽ) ന്യൂ ഡെമോക്രസിയുടെ മുന്നണി സംഘടനയായ ഓൾ ഇന്ത്യ കിസാൻ മസ്ദൂർ സഭ (എ.ഐ.കെ.എം.എസ്) നൊപ്പം പാർട്ടി നിയമ പരിപാടികളിൽ പ്രവർത്തിച്ചു. അടുത്തിടെ ഡൽഹിയിൽ നടന്ന കർഷക സമരത്തിലും പങ്കെടുത്തിരുന്നു.
വിപ്ലവ സംഘടനകളായ സി.പി.ഐ (എം.എൽ) പ്രജാപണ്ഡം, സി.പി.ഐ (എം.എൽ) റെവല്യൂഷണറി ഇനിഷ്യേറ്റീവ്, പി.സി.സി സി.പി.ഐ (എം.എൽ) എന്നിവയുടെ ലയനത്തിനു പിന്നാലെ സി.പി.ഐ എം.എൽ മാസ് ലൈൻ രൂപപ്പെടുന്നതിൽ ചന്ദ്രശേഖർ നിർണായക പങ്കുവഹിച്ചു.
മുൻ എം.പി നാമ നാഗേശ്വര റാവു, മന്ത്രിമാരായ തുമ്മല നാഗേശ്വര റാവു, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, സി.പി.ഐ (എം.എൽ) ന്യൂ ഡെമോക്രസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ചന്ദ്രണ്ണ, സി.പി.ഐ (എം.എൽ) മാസ് ലൈൻ സംസ്ഥാന സെക്രട്ടറി പോട്ടു രംഗറാവു എന്നിവർ നിര്യാണത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.