തെലങ്കാനയിലെ സ്കൂളിൽ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പിയത് മുളകുപൊടി; സർക്കാറിന് വിമർശം

ഹൈദരാബാദ്: തെലങ്കാനയിലെ കൊത്തപ്പള്ളിയിലുള്ള സ്കൂളിൽ, വിദ്യാർഥികൾക്ക് ഉച്ച ഭക്ഷണത്തോടൊപ്പം മുളകുപൊടി വിളമ്പിയ സംഭവം വിവാദമാകുന്നു. വെള്ളിയാഴ്ചയാണ് വിദ്യാർഥികൾക്ക് ചോറിനൊപ്പം മുളകുപൊടിയും എണ്ണയും നൽകിയത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബി.ആർ.എസ് നേതാക്കൾ ആവശ്യപ്പെട്ടു.

കോൺഗ്രസ് സർക്കാർ കുട്ടികളെ പരിപ്പ് കരിക്കു പകരം മുളകുപൊടി കഴിക്കാൻ നിർബന്ധിതരാക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി കെ.ടി. രാമറാവു ആരോപിച്ചു. മുൻ സർക്കാർ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനു പുറമെ പ്രഭാത ഭക്ഷണവും ഉറപ്പാക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കിയിരുന്നെന്നും എന്നാൽ കോൺഗ്രസ് സർക്കാർ പദ്ധതി നിർത്തലാക്കിയെന്നും കെ.സി.ആർ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. സംസ്ഥാന സർക്കാർ അടിയന്തരമായി സ്കൂളുകളിൽ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെലങ്കാനയിലെ സ്കൂളുകളിൽ കരാറുകാരാണ് ഉച്ചഭക്ഷണം എത്തിക്കുന്നത്. കുട്ടികൾക്ക് വയറുവേദനയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതായി നിരവധി രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിച്ചതോടെ ജില്ലാ വിദ്യാഭ്യാസ ഓഫിസർ സംഭവത്തിൽ അന്വേഷണം നടത്തി. കരാറുകാർക്ക് അന്ത്യശാസനം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Telangana school serves rice with chilli powder in mid-day meals, faces backlash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.