രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമാണ് തെലങ്കാന. ഒരു ദശകം പൂർത്തിയാവുന്നേയുള്ളൂ പിറവികൊണ്ടിട്ട്. തെലങ്കാന രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റുവീശുന്ന സാഹചര്യത്തിലാണ് ലോക്സഭ തെരഞ്ഞെടുപ്പ് കടന്നുവരുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് ഫലം നൽകിയ ഊർജവുമായി കോൺഗ്രസും തിരിച്ചുവരാൻ ബി.ആർ.എസും ദക്ഷിണേന്ത്യൻ മോഹവുമായി ബി.ജെ.പിയും പോരാടുന്ന ഈ തെരഞ്ഞെടുപ്പ് തെലുങ്കു ദേശത്തിന്റെ രാഷ്ട്രീയഗതി നിർണയിക്കും.
കഴിഞ്ഞ തവണ നാലു സീറ്റ് ലഭിച്ച ബി.ജെ.പിയുടെ ലക്ഷ്യം ചുരുങ്ങിയത് 10 സീറ്റാണ്. 17 സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗവും മറ്റു പാർട്ടികളിൽ നിന്നെത്തിയവരാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആർ.എസ്.എസിന്റെ കാര്യമായ ഇടപെടലുണ്ടായ സംസ്ഥാനംകൂടിയാണ് തെലങ്കാന.
നേരിട്ട് ബി.ജെ.പിക്ക് വോട്ടുചോദിക്കുന്നതിന് പകരം ദേശീയ താൽപര്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ പ്രത്യേക പരിശീലനം തന്നെ വളന്റിയർമാർക്ക് സംഘ്പരിവാർ നൽകിയിരുന്നു. ഓരോ ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുംതോറും തെലങ്കാനയിൽ ബി.ജെ.പിയുടെ വോട്ടു ശതമാനം കൂടിവരുകയാണ്.
2014ൽ 10.5 ശതമാനമായിരുന്നത് 2019ൽ 19.45 ശതമാനമായി. തെലങ്കാന രൂപവത്കരണത്തിന് ശേഷം തെലുങ്കുദേശം പാർട്ടിയിലെ (ടി.ഡി.പി) വോട്ടുകൾ പതിയെ ബി.ജെ.പിയിലേക്കാണ് ഷിഫ്റ്റ് ചെയ്യപ്പെടുന്നത്.
കോൺഗ്രസിന്റെ സാധ്യതകൾ
കഴിഞ്ഞ തവണ 17ൽ മൂന്നു സീറ്റിൽ മാത്രമായിരുന്നു കോൺഗ്രസിന്റെ ജയം. ഇത്തവണ 14 സീറ്റ് പിടിക്കുമെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം. നിയമസഭ തെരഞ്ഞെടുപ്പ് വിജയം നൽകിയ അടിത്തറയിൽനിന്ന് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കർണാടക മോഡലിൽ കൊണ്ടുവന്ന ആറിന ഗാരന്റി പദ്ധതികളിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. അധികാരമേറ്റ് അഞ്ചു മാസത്തിനിടെ വിവിധ പദ്ധതികൾ നടപ്പാക്കിയത് കോൺഗ്രസ് പ്രചാരണത്തിനുപയോഗിച്ചു.
സർക്കാർ ബസിൽ വനിതകൾക്ക് സൗജന്യ യാത്ര, പാചകവാതകത്തിന് 500 രൂപ സബ്സിഡി, സൗജന്യ വൈദ്യുതി, യുവാക്കൾക്ക് തൊഴിൽ, കർഷക വായ്പ എഴുതിത്തള്ളൽ, വനിത സംരംഭങ്ങൾക്ക് പലിശരഹിത വായ്പ തുടങ്ങിയ പദ്ധതികൾ കർഷകരുടെയും വനിതകളുടെയും യുവാക്കളുടെയും വോട്ടുകളിൽ നല്ലൊരു പങ്കും തങ്ങളിലെത്തിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ബൂത്ത് തലങ്ങളിൽ പ്രത്യേക കോഓഡിനേഷൻ കമ്മിറ്റികളുണ്ടാക്കി സർക്കാർ പദ്ധതി ഗുണഭോക്താക്കളുടെ വോട്ടുറപ്പിക്കാനും പോളിങ് ശതമാനം ഉയർത്താനും കോൺഗ്രസ് ശ്രമിക്കുന്നു.
അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം തെലങ്കാനയിൽ ഹൈദരാബാദ് സീറ്റിൽ മാത്രമാണ് മത്സരിക്കുന്നത്. ശക്തമായ അടിത്തറയുള്ള ഉവൈസിയുടെ വിജയ സാധ്യതക്ക് ഭീഷണിയാകാൻ പ്രധാന എതിരാളികളായ ബി.ജെ.പിക്കും കോൺഗ്രസിനും പ്രചാരണത്തിൽ സാധിച്ചിട്ടില്ല.
താരതമ്യേന ദുർബല സ്ഥാനാർഥിയാണ് കോൺഗ്രസിന്റേത്. ഓളപ്പരപ്പിലൂടെ മാത്രമുള്ള ഒഴുക്കായിരുന്നു ബി.ജെ.പിയുടെ മാധവി ലതയുടെ പ്രചാരണം. അതേസമയം, ഹൈദരാബാദിലെ പോളിങ് ശതമാനം കുറയുന്നത് ഉവൈസിക്കും ഉൾഭയമേകുന്നു. 1999ൽ പിതാവ് സുൽത്താൻ സലാഹുദ്ദീൻ ഉവൈസി മത്സരിക്കുമ്പോൾ 69.2 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ തവണ അസദുദ്ദീൻ ഉവൈസി ജയിക്കുമ്പോൾ മണ്ഡലത്തിലെ ആകെ പോളിങ് 44.8 ശതമാനമായി കുറഞ്ഞു.
എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്തിയ ബി.ആർ.എസ് 10 സീറ്റിൽ ജയിക്കുമെന്നാണ് അവകാശവാദം. എന്നാൽ, നാലോ അഞ്ചോ സീറ്റിലേക്ക് താഴാനാണ് സാധ്യത. ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദിനെ കേന്ദ്രഭരണപ്രദേശമാക്കുമെന്ന വാദമാണ് ബി.ജെ.പിക്കെതിരെ ബി.ആർ.എസ് പ്രചാരണത്തിനുപയോഗിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതൊന്നും പിങ്ക് പാർട്ടിയുടെ പ്രചാരണത്തിൽ പരാമർശമായതേയില്ല. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും കോൺഗ്രസിനെയും കടന്നാക്രമിക്കാൻ മറന്നുമില്ല.
വളരെ വൈകാരികമായി പടരാൻ സാധ്യതയുണ്ടായിരുന്ന രേഹിത് വെമുല കേസിൽ നയപരമായി ഇടപെടാനായത് കോൺഗ്രസിന് ഗുണകരമാവും. ദലിത് വിവേചനത്തിന്റെ പേരിൽ 2016 ജനുവരിയിൽ ഹൈദരാബാദ് സർവകലാശാലയിൽ ഗവേഷക വിദ്യാർഥി രോഹിത് വെമുല എന്ന 26കാരൻ ആത്മഹത്യ ചെയ്ത കേസിൽ കഴിഞ്ഞ മാർച്ച് 21ന് എൽ.ബി. നാഗർ സെഷൻ കോടതിയിൽ മാധാപുർ എ.സി.പി സമർപ്പിച്ച അന്തിമ റിപ്പോർട്ട് മേയ് മൂന്നിനാണ് പുറത്തുവന്നത്.
രോഹിത് വെമുല പട്ടികജാതിക്കാരനല്ലെന്നും തന്റെ യഥാർഥ ജാതി വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, ബി.ജെ.പി നേതാക്കളടക്കം പ്രതികളായ കേസിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുനരന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു.
17 സീറ്റുകളിൽ 12ലും ബി.ആർ.എസിനെ അപ്രസക്തമാക്കി കോൺഗ്രസും ബി.ജെ.പിയും നേരിട്ടാണ് മത്സരം. ഹൈദരാബാദിൽ ഉവൈസിക്ക് ഒത്ത എതിരാളിയില്ല. ബാക്കി നാലു സീറ്റിൽ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. മൽകജ്ഗിരി, മെഹബൂബാബാദ്, സഹീറാബാദ്, മെഹബൂബ് നഗർ എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി, ബി.ആർ എസ്, കോൺഗ്രസ് എന്നിവ ബലാബലത്തിൽ പോരാടുന്നത്.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡി 2019ൽ മത്സരിച്ചുജയിച്ച മണ്ഡലമാണ് മൽകജ് ഗിരി. എന്നാൽ, 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴു നിയമസഭ സീറ്റും ബി.ആർ.എസാണ് നേടിയത്. മെഹബൂബാദിലെ മൂന്നു സ്ഥാനാർഥികളും മുമ്പ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തവരാണ്. മെഹബൂബ്നഗറിൽ 2009, 2014, 2019 തെരഞ്ഞെടുപ്പുകളിൽ ബി.ആർ.എസിനായിരുന്നു ജയം. കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാമതായിരുന്നു.
എന്നാൽ, അവസാന നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളും കോൺഗ്രസ് തൂത്തുവാരി. 2014ലും 2019ലും ബി.ആർ.എസ് ടിക്കറ്റിൽ വിജയിച്ച ബി.ബി. പാട്ടീലാണ് സഹീറാബാദിൽ ബി.ജെ.പി സ്ഥാനാർഥി. ബി.ആർ.എസ് അധ്യക്ഷൻ കെ.സി. ചന്ദ്രശേഖർ റാവും തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് പരാജയപ്പെട്ട കാമറെഡ്ഡി മണ്ഡലം സഹീറാബാദിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.