മുംബൈ: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റ സംഭവത്തിൽ യുവതിയേയും മറ്റ് മുന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബാന്ദ്രയിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തെലങ്കാനയിൽ നിന്നാണ് പൊലീസ് രക്ഷപ്പെടുത്തിയത്.
തന്‍റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി മുംതാസ് ഖാൻ(40) ബാന്ദ്ര പൊലീസിനെ സമീപിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് സഹേദരന്‍റെ വീട്ടിൽ നിന്ന് തിരിച്ചുവരവെ മാഹിം ക്രോസ്വെയിൽ വെച്ചാണ് തട്ടിക്കൊണ്ടുപോയതെന്നും ഒരു സ്ത്രീയെ സംശയിക്കുന്നതായും അവർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
ഫർഹാന ഷെയ്ഖ് എന്ന യുവതി തനിക്ക് ഭക്ഷണം നൽകിയതായും അവർ കുഞ്ഞിനെ തട്ടിയെടുത്തെന്ന് സംശയിക്കുന്നുവെന്നുമായിരുന്നു മാതാവിന്‍റെ പരാതി. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഫർഹാന കുറ്റം സമ്മതിച്ചു. തെലങ്കാനയിലുള്ള ബന്ധുവിന് കുഞ്ഞിനെ കൈമാറിയതായി യുവതി വെളിപ്പെടുത്തി.
തെലങ്കാനയിലെ കരിം നഗറിലെത്തിയ പൊലീസ് നക്ക രാജു നർസിഹ, വിശിർകപില ധർമാരോ എന്നിവരെ ചോദ്യം ചെയ്യുകയും കുട്ടിയെ വീണ്ടെടുക്കുകയുമായിരുന്നു.
സർക്കർ ഉദ്യോഗസ്ഥനായ ധർമാരോ കുഞ്ഞിനെ ദത്തെടുക്കാനായി അപേക്ഷ സമർപ്പിച്ചിരുന്നു. കുഞ്ഞുങ്ങളില്ലാത്ത ഇയാൾ 2012ൽ അപേക്ഷിച്ചതാണെങ്കിലും കുഞ്ഞിനെ ലഭിച്ചിരുന്നില്ല. തുടർന്നാണ് കുഞ്ഞിനെ ലഭിക്കുമോ എന്ന് നർസിഹയോട് ആവശ്യപ്പെട്ടത്. നർസിഹയാണ് ഫർഹാനയോട് കുഞ്ഞിനെ വേണമെന്ന് പറഞ്ഞത്. ഫർഹാന ഷെയ്ഖ് ആവശ്യപ്പെട്ടതനുസരിച്ച് ഇവർ മുംബൈയിലെത്തി കുഞ്ഞിനെ തെലങ്കാനയിലെ വീട്ടിലേക്ക് കൊണ്ടുവന്നുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.