ഇമാമിനെ മർദിച്ചു; മധ്യപ്രദേശിൽ സംഘർഷാവസ്ഥ

ഭോപാൽ: തയ്യൽക്കാരനെ ആൾക്കൂട്ടം മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഇമാമിനെ ആക്രമിച്ചത് മധ്യപ്രദേശിലെ ദാമോ ജില്ലയിൽ സംഘർഷാവസ്ഥക്കിടയാക്കി. പൊലീസിൻ്റെ സ​മയോചിത ഇടപെടൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. നേരത്തെ വർഗീയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ വ്യാപിക്കുന്നത് ഇ​തോടെ തടഞ്ഞെങ്കിലും സ്ഥലത്ത് അസ്വാരസ്യം നിലനിൽക്കുന്നുണ്ട്.

ശനിയാഴ്ച തയ്യൽക്കാരനെ ഒരു സംഘം യുവാക്കൾ മർദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പള്ളിക്ക് സമീപം വെച്ച് മർദിക്കുന്നത് കണ്ട ഇമാം തടയാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ, അക്രമികൾ ഇമാമിന് നേ​രെ തിരിയുകയും തള്ളിയിടുകയും ചെയ്തു. ഈ വിവരം പ്രചരിച്ചതോടെ നിരവധി പേർ നടപടി ആവശ്യപ്പെട്ട് സ്ഥലത്തെ പൊലീസ് സ്റ്റേഷനുമുന്നിൽ തടിച്ചുകൂടി. പിന്നാലെ, മറുവിഭാഗവും പൊലീസ് സ്റ്റേഷന് പുറത്ത് സംഘടിച്ചു. അക്രമാസക്തരായ ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട പൊലീസ്, അല്ലെങ്കിൽ തങ്ങളുടേതായ രീതിയിൽ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. ഇതോടെ ജനക്കൂട്ടം പിരിഞ്ഞുപോയി.

തയ്യൽക്കാരനെയും ഇമാമിനെയും മർദിച്ച നാല് യുവാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പുനൽകി. അക്രമം സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് തിങ്കളാഴ്ച പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് 40 പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മേഖലയിൽ കൂടുതൽ തർക്കങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദമോഹ് എസ്പി സന്ദീപ് ശർമ പറഞ്ഞു. 

Tags:    
News Summary - Tension in MP’s Damoh as Imam thrashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.